അമ്പലപ്പുഴ : ക്ഷേത്രഗ്രാമമായ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഇടതുപക്ഷത്തിനാണ് അധികാരത്തിലിരിക്കാൻ കൂടുതലും അവസരം ലഭിച്ചത്. 2000-ൽ അമ്പലപ്പുഴ പഞ്ചായത്ത് വിഭജിച്ച് തെക്കും വടക്കുമാക്കിയശേഷം അമ്പലപ്പുഴ തെക്കിൽ ഒരുതവണയാണ് യു.ഡി.എഫ്. അധികാരത്തിലെത്തിയത്.
അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. ചരിത്രം മാറ്റിയെഴുതുമെന്ന് യു.ഡി.എഫും അവകാശപ്പെടുന്നു. ക്ഷേത്രഗ്രാമത്തിൽ താമരവിരിയിക്കുമെന്നാണ് എൻ.ഡി.എയുടെ അവകാശവാദം.
ശക്തമായ ത്രികോണമത്സരത്തിനാണ് അമ്പലപ്പുഴ തെക്ക് സാക്ഷിയാകുന്നത്. കഴിഞ്ഞതവണ രണ്ടുസീറ്റുകളിൽ വിജയിച്ച ബി.ജെ.പി. ആറിടങ്ങളിൽ രണ്ടാംസ്ഥാനത്തെത്തിയിരുന്നു.
കഴിഞ്ഞതവണ വിജയിച്ചസീറ്റിൽ ഇത്തവണ എസ്.ഡി.പി.ഐ. മത്സരിക്കുന്നുണ്ട്. മറ്റൊരുവാർഡിൽ ആർ.പി.ഐയും മത്സരിക്കുന്നു. 15 വാർഡുകളിലായി 60 സ്ഥാനാർഥികളാണ് ജനവിധിതേടുന്നത്.
മന്ത്രി ജി. സുധാകരൻ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും പഞ്ചായത്തിന്റെ ഭരണനേട്ടങ്ങളും ഉയർത്തിയാണ് എൽ.ഡി.എഫ്. വോട്ടുതേടുന്നത്. വികസനമുരടിപ്പും തീരദേശമേഖലയോടുള്ള അവഗണനയും കുടിവെള്ളപ്രശ്നവും നിരത്തിയാണ് യു.ഡി.എഫ്. ഇറങ്ങുന്നത്.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേയുള്ള ആരോപണങ്ങളാണ് ക്ഷേത്രഗ്രാമത്തിൽ എൻ.ഡി.എയുടെ മുഖ്യ പ്രചാരണവിഷയം.