എസ്. അഖിലേഷ്

മാവേലിക്കര

: ‘ആദ്യം മാവേലിക്കര നഗരസഭ എണ്ണുമ്പോൾ 2,500 വോട്ടിനു പിന്നിലായേക്കാം. അതിനുശേഷം കയറിവരും.’- വോട്ടെണ്ണലിനു തലേന്നാൾ എൽ.ഡി.എഫ്.കേന്ദ്രങ്ങളുടെ വിലയിരുത്തൽ ഇങ്ങനെയായിരുന്നു. പക്ഷേ, അവരുടെ കണക്കുകൂട്ടലുകളെപ്പോലും തെറ്റിച്ചാണ് മാവേലിക്കര നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും എം.എസ്. അരുൺകുമാർ ലീഡുനേടിയത്.

മാവേലിക്കര നഗരസഭയിലെ ആദ്യ രണ്ടു ബൂത്തുകൾ എണ്ണിയപ്പോൾ അരുൺകുമാർ മൂന്നാംസ്ഥാനത്തായിരുന്നു. യു.ഡി.എഫും ബി.ജെ.പി.യുമായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. തുടർന്ന് പതിയെ ലീഡുയർത്തുകയായിരുന്നു. മാവേലിക്കര നഗരസഭാ പരിധിയിൽനിന്നു മാത്രം 1,098 വോട്ടുകളുടെ ലീഡുനേടി.

പിന്നീട് ഒരുഘട്ടത്തിലും പിന്നിലേക്കുപോകാതെ ക്രമാനുഗതമായി ലീഡുയർന്നു. മൂന്നാം റൗണ്ടിൽ 1,394, നാലാം റൗണ്ടിൽ 1,554, അഞ്ചാം റൗണ്ടിൽ 1,974, ആറാം റൗണ്ടിൽ 2,377, ഏഴാം റൗണ്ടിൽ 2,119, എട്ടാം റൗണ്ടിൽ 776, ഒൻപതാം റൗണ്ടിൽ 1,357, പത്താം റൗണ്ടിൽ 1,566, 11-ാം റൗണ്ടിൽ 1,716, 12-ാം റൗണ്ടിൽ 2,060, 13-ാം റൗണ്ടിൽ 2,088, 14-ാം റൗണ്ടിൽ 1,184, 15-ാം റൗണ്ടിൽ 1,864 എന്നിങ്ങനെയായിരുന്നു ലീഡ്.

മെഷീൻ തകരാറായതിനെത്തുടർന്ന് 12 ബൂത്തുകളിൽ വി.വി.പാറ്റിലെ വോട്ടുകളാണ് എണ്ണിയത്. അവിടെയും 536 വോട്ടുകളുടെ ലീഡുനേടി. തപാൽവോട്ടുകളിൽ എൽ.ഡി.എഫ്. 291 വോട്ടുകളുടെ ലീഡുനേടിയപ്പോൾ സർവീസ് വോട്ടുകളിൽ ബി.ജെ.പി. 34 വോട്ടുകളുടെ ലീഡുനേടി.

ഒടുവിൽ 25,000-ത്തോളം വോട്ടിനു വിജയിച്ചെങ്കിലും സി.പി.എമ്മിന്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ ആർ. രാജേഷ് 31,542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമ്പോൾ 74,555 വോട്ടുകൾ നേടിയിരുന്നു. എന്നാൽ, ഇക്കുറി അത് 71,743 വോട്ടുകളായി കുറഞ്ഞു.

കഴിഞ്ഞതവണ യു.ഡി.എഫ്.സ്ഥാനാർഥി ബൈജു കലാശാല നേടിയ 43,013 വോട്ടുകൾ ഇത്തവണ കെ.കെ. ഷാജു 47,026 ആയി വർധിപ്പിച്ചു. കഴിഞ്ഞതവണ ബി.ജെ.പി.സ്ഥാനാർഥി പി.എം. വേലായുധൻ നേടിയത് 30,929 വോട്ടുകളാണ്. ഇക്കുറി കെ. സഞ്ചുവിന് 30,955 വോട്ടുകൾ ലഭിച്ചു.

എങ്ങനെ പോയാലും 15000-ൽ കുറയാത്ത ലീഡ് ലഭിക്കുമെന്നും സംസ്ഥാനത്ത് ഇടതുമുന്നണിക്കനുകൂലമായ തരംഗം ഉണ്ടായാൽ അത് 25,000 വരെ ഉയരാമെന്നുമായിരുന്നു കെ. ചന്ദ്രനുണ്ണിത്താൻ പ്രസിഡന്റും കെ. രാഘവൻ സെക്രട്ടറിയുമായ തിരഞ്ഞെടുപ്പു കമ്മിറ്റി വിലയിരുത്തിയിരുന്നത്. എം.എസ്. അരുൺകുമാറിന് 24,717 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.