കുട്ടനാട്: നെല്ലറയായ കുട്ടനാട്ടിൽ എൽ.ഡി.എഫ്. ജൈത്രയാത്ര തുടരുന്നു. തുടർഭരണം തേടിയിറങ്ങിയ എൽ.ഡി.എഫ്.സ്ഥാനാർഥി തോമസ് കെ. തോമസ് 5,516 വോട്ടുകൾക്കു വിജയിച്ചു.

എൻ.സി.പി. ടിക്കറ്റിൽ മത്സരിച്ച തോമസ് ഇടതുപക്ഷസർക്കാരിന്റെ വികസനനേട്ടങ്ങളും തോമസ് ചാണ്ടിയുടെ കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളും മുൻനിർത്തിയാണു വോട്ടുതേടിയത്.

കുട്ടനാട് നിയോജകമണ്ഡലത്തിലെ 13 പഞ്ചായത്തുകളിൽ 10-ലും നിലവിൽ എൽ.ഡി.എഫ്. ഭരണമാണ്. അതിന്റെ ഒരു തുടർച്ച വോട്ടെണ്ണലിലും പ്രകടമായിരുന്നു. 12 റൗണ്ടുകളിൽ ഒൻപതു റൗണ്ടിലും എൽ.ഡി.എഫിനായിരുന്നു ലീഡ്. യു.ഡി.എഫ്. ഭരിക്കുന്ന എടത്വാ, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ കോൺഗ്രസ് വോട്ടുകളിലും ചെറിയ വിള്ളലുണ്ടായി. എന്നാൽ, എൻ.ഡി.എ.വോട്ടുകളിലെ കുറവ് എൽ.ഡി.എഫിനെ ഭൂരിപക്ഷമുയർത്താൻ സഹായിച്ചു. ഇവ വരുംദിവസങ്ങളിൽ വിശദമായ ചർച്ചകൾക്കു വഴിതുറക്കും.

ചേട്ടന്റെ പിൻഗാമിയായി ഭൂരിപക്ഷം ഉയർത്തി

അന്തരിച്ച മുൻ മന്ത്രിയും എം.എൽ.എ.യുമായ തോമസ് ചാണ്ടിയുടെ കരുത്തിലാണ് അനുജൻ തോമസ് കെ. തോമസ് എൽ.ഡി.എഫ്.സ്ഥാനാർഥിയായത്. 2016-ൽ തോമസ് ചാണ്ടിയും നിലവിലെ യു.ഡി.എഫ്.സ്ഥാനാർഥി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിലെ ജേക്കബ് എബ്രഹാമും തമ്മിലായിരുന്നു മത്സരം. അന്ന് 4,891 വോട്ടുകൾക്കാണ് ചാണ്ടി കുട്ടനാട് നിലനിർത്തിയത്. ഇത്തവണ തോമസ് കെ. തോമസ് ഭൂരിപക്ഷം 5,516 ആയി ഉയർത്തി. 625 വോട്ടുകൾ കൂടുതൽ നേടി.

തോമസ് ചാണ്ടിയുടെ മരണശേഷം ഉപതിരഞ്ഞെടുപ്പിൽ തോമസ് കെ. തോമസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന്‌ തിരഞ്ഞെടുപ്പു നടത്തിയില്ല. എം.എൽ.എ.യുടെ അഭാവത്തിലും തോമസ് കുട്ടനാടിന്റെ വികസനകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു. ചാണ്ടി തുടങ്ങിവെച്ച പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തിയത്‌ വോട്ടെടുപ്പിലും പ്രതിഫലിച്ചു. നിലവിൽ എൻ.സി.പി. സംസ്ഥാന നിർവാഹകസമിതിയംഗമാണ്.