ചേർത്തല: കേരളരാഷ്ട്രീയത്തിലെ ജീവിക്കുന്ന ഇതിഹാസം കെ.ആർ. ഗൗരിയമ്മയിലൂടെ തുടങ്ങുന്നു ചേർത്തലമണ്ഡലത്തിന്റെ ചരിത്രം. കോൺഗ്രസിന്റെ ദേശീയമുഖങ്ങളായ എ.കെ. ആന്റണിയും വയലാർ രവിയും നിയസഭയിലേക്കുനടന്നുകയറിയത് ചേർത്തലവഴി. കറതീർന്ന കമ്യൂണിസ്റ്റുമുഖമായിരുന്ന സി.കെ. ചന്ദ്രപ്പന്റെ തട്ടകം. ഏറ്റവുമൊടുവിൽ പി. തിലോത്തമന്റെ ഹാട്രിക് വിജയത്തിലെത്തിനിൽക്കുന്നു ചേർത്തല മണ്ഡലത്തിന്റെചരിത്രം.

പുന്നപ്ര- വയലാർ രണസ്മരണകളിരമ്പുന്ന വയലാറും മേനാശ്ശേരിയും കണ്ണർകാട്ടെ കൃഷ്ണപിള്ളസ്മാരകവും... അങ്ങനെ ചുവന്നചരിത്രത്തിന്റെ അടയാളങ്ങൾ മണ്ഡലത്തിൽ തലയുയർത്തിനിൽക്കുന്നു. (മൂന്നു സ്മാരകങ്ങളും 2011 മുതലാണ്‌ ചേർത്തല മണ്ഡലത്തിന്റെ ഭാഗമായത്). ഇതിന്റെ കരുത്തിൽ ഇടതുപക്ഷം ചുവന്നകോട്ടയെന്നു കണക്കുനിരത്തുമെങ്കിലും ഇരുപക്ഷത്തെയും തുണച്ച ചരിത്രമാണു പഴയചേർത്തലയ്ക്ക്. മുന്നണിസംവിധാനങ്ങളിലെ മാറ്റത്തിലൂടെ കോൺഗ്രസിനെയും സി.പി.എമ്മിനെയും തോൽപ്പിച്ച് കേരള കോൺഗ്രസുകാരനെ നിയമസഭ കയറ്റിയ ചരിത്രവും ചേർത്തലയ്ക്കുണ്ട്.

ചരിത്രം കെ.ആർ. ഗൗരിയമ്മയിൽനിന്ന്

സംസ്ഥാനരൂപവത്‌കരണശേഷം 1957-ൽ നടന്ന തിരഞ്ഞെടുപ്പിൽ കെ.ആർ. ഗൗരിയമ്മ ചേർത്തലയിൽനിന്നാണ് നിയമസഭയിലും ആദ്യകമ്യൂണിസ്റ്റു മന്ത്രിസഭയിലുമെത്തുന്നത്. 60-ലും ചേർത്തലക്കാർ ഗൗരിയമ്മയെത്തന്നെ വീണ്ടും നിയമസഭയിലേക്കയച്ചു. രണ്ടുവട്ടവും കോൺഗ്രസിലെ എ. സുബ്രഹ്മണ്യൻപിള്ളയായിരുന്നു എതിരാളി.

മണ്ഡലത്തിനൊരു ട്വിസ്റ്റ് പോരിനും

- മുതലാണ് തനതു ചേർത്തലമണ്ഡലമായത്. അന്ന്‌ ചേർത്തല നഗരസഭയ്‌ക്കൊപ്പം ചേർത്തല തെക്കും അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുമായിരുന്നു മണ്ഡലത്തിൽ. ആദ്യമത്സരത്തിൽ കോൺഗ്രസിലെ പി.എസ്. കാർത്തികേയനെയും സി.പി.എമ്മിലെ എൻ.പി. തണ്ടാരെയും സി.പി.ഐയിലെ കെ.ആർ. സ്വാമിനാഥനെയും തോൽപ്പിച്ച് നിയമസഭ കണ്ടത് സി.വി.ജേക്കബ്ബ് എന്ന കേരള കോൺഗ്രസുകാരൻ. (ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ ആ നിയമസഭ കൂടിയിരുന്നില്ല). പിന്നെ, ചേർത്തലയിൽ പോരിനു വീര്യംകൂടി. 1967-ൽ എൻ.പി. തണ്ടാരിലൂടെ സി.പി.എം. വീണ്ടും മണ്ഡലം പിടിച്ചെടുത്തു.

കൂട്ടുകാരുടെ പോര്

ചേർത്തലയിൽ ഒന്നിച്ചുകളിച്ചുവളർന്ന കൂട്ടുകാരായിരുന്നു എ.കെ. ആന്റണിയും വയലർരവിയും സി.കെ. ചന്ദ്രപ്പനും. എ.കെ. ആന്റണിയും വയലാർ രവിയും കോൺഗ്രസിന്റെ മുൻനിരയിലേക്കു വളർന്നപ്പോൾ ചുവന്നകൊടിയുയർത്തിയായിരുന്നു സി.കെ. ചന്ദ്രപ്പന്റെ വളർച്ച. ആശയപരമായപോരിലും തികഞ്ഞ സൗഹൃദംകാത്തിരുന്നു മൂവരും. മൂന്നുപതിറ്റാണ്ടിൽ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു ചേർത്തലയിലെ പോരിന്. 1970-ലാണ് എ.കെ. ആന്റണിയുടെ ചേർത്തലയിലെ കന്നിയങ്കം. സി.പി.എമ്മിലെ എൻ.പി. തണ്ടാരെ തോൽപ്പിച്ചുതുടങ്ങി 1977-ൽ കോൺഗ്രസിലെ എം.കെ. രാഘവനിലൂടെ കോൺഗ്രസ് നിലനിർത്തി. 1980-ൽ കോൺഗ്രസ് (എ) പിന്തുണയോടെ സി.പി.ഐയിലെ പി.എസ്. ശ്രീനിവാസൻ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി ‘82-ലാണ് വയലാർ രവിയുടെ വരവ്. പി.എസ്. ശ്രീനിവാസനെ തോൽപ്പിച്ചു. 1987-ൽ പോരുമുറുക്കി സി.കെ. ചന്ദ്രപ്പനിറങ്ങിയെങ്കിലും വയലാർ രവിക്കുമുന്നിൽ കാലിടറി. ‘91-ൽ ചന്ദ്രപ്പൻ പകരംവീട്ടി. വയലാർരവിയെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1996-ൽ എ.കെ. ആന്റണിയിറങ്ങി സി.കെ. ചന്ദ്രപ്പനെ തോൽപ്പിച്ചു. 2001-ൽ അതേ പോരാട്ടം ആവർത്തിച്ചപ്പോഴും വിജയം ആന്റണിക്കൊപ്പമായിരുന്നു.

തിലോത്തമന്റെ വരവും ഹാട്രിക് വിജയവും

2006-ലാണ് ചേർത്തലയുടെ തട്ടകത്തിൽനിന്ന്‌ തിലോത്തമന്റെ വരവ്. കന്നിയങ്കത്തിൽ കോൺഗ്രസിലെ സി.കെ. ഷാജിമോഹനെ തോൽപ്പിച്ചു. മണ്ഡലം രൂപംമാറി നടന്ന 2011-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനായി പോരിനിറങ്ങിയ കെ.ആർ. ഗൗരിയമ്മയെ തോൽപ്പിച്ചു. 2016-ൽ കോൺഗ്രസിലെ എസ്. ശരത്തിനെ വീഴ്ത്തിയാണു ഹാട്രിക് തികച്ചത്.

പുതിയ ‘ചുവന്ന’ ചേർത്തല

2011-ൽ ചേർത്തലമണ്ഡലം രൂപംമാറിയപ്പോൾ ഇടതുകരുത്ത്‌ കൂടിയതായാണു വിലയിരുത്തൽ. അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നിവ അരൂർ മണ്ഡലത്തിലേക്കുപോയി. ചേർത്തലനഗരം, ചേർത്തല തെക്കുപഞ്ചായത്ത് എന്നിവ അവശേഷിച്ചു. ഇവയ്ക്കൊപ്പം കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട് എന്നിവയെത്തി. മാറ്റത്തിനുശേഷംനടന്ന രണ്ടുതിരഞ്ഞെടുപ്പിലും ചുവന്നചരിത്രംപോലെ വിജയം പി. തിലോത്തമനൊപ്പമായിരുന്നു. എന്നാൽ, 2015-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.സി. വേണുഗോപാലിനു 1,457 വോട്ടിന്റെ ഭൂരിപക്ഷംനൽകി മണ്ഡലം അതിന്റെ നിഷ്പക്ഷമുഖം തെളിയിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. സ്ഥാനാർഥി എ.എം. ആരിഫിനു 16,894 വോട്ടിന്റെ മേൽക്കൈനൽകി. ബി.ജെ.പിയും എൻ.ഡി.എ.യും ഘട്ടംഘട്ടമായി വോട്ടുനില ഉയർത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുനേട്ടം 19,000 കടന്നപ്പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും 25,000 കടന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുതേരോട്ടം

ചേർത്തല നഗരസഭ, ചേർത്തലതെക്ക്, തണ്ണീർമുക്കം, വയലാർ, മുഹമ്മ, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ എൽ.ഡി.എഫും പട്ടണക്കാടും കടക്കരപ്പള്ളിയിലും യു.ഡി.എഫുമാണ്‌ (കടക്കരപ്പള്ളിയിൽ തുല്യം. ടോസിന്റെ ഭാഗ്യം യി.ഡി.എഫിന്). ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും എൽ.ഡി.എഫിനു വ്യക്തമായ മുൻതൂക്കം.

2,08,711 വോട്ടർമാർ

നിലവിലെ കണക്കുകൾപ്രകാരം ജില്ലയിൽ ഏറ്റവുമധികം വോട്ടർമാരുള്ളത് ചേർത്തലയിലാണ് -2,08,711 പേർ. ഇതിൽ 1,00,951 പുരുഷന്മാരും 1,07,760 സ്ത്രീകളുമാണ്.