അമ്പലപ്പുഴ : അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർഥാടനം 2022 ജനുവരി അഞ്ചുമുതൽ 16 വരെ നടക്കും. ആഴിപൂജകളാണു മുന്നൊരുക്കങ്ങളിൽ പ്രധാനം. 15 ആഴിപൂജകൾ തീർഥാടനകാലയളവിൽ നടക്കുമെന്നു സംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള ആഴിപൂജകൾക്കു മുഖ്യകാർമികത്വം വഹിക്കും. 51 ദിവസത്തെ അന്നദാനത്തിനുപകരം ജനുവരി നാലിനു ക്ഷേത്രം ഊട്ടുപുരയിൽ അന്നദാനം നടക്കും.

ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആനക്കൊട്ടിലിൽ അയ്യപ്പൻമാർക്കായി സേവനകേന്ദ്രം തുറന്നു. ദേവസ്വത്തിൽനിന്നു രസീതു വാങ്ങി വരുന്നവർക്ക് കെട്ടു നിറയ്ക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. വൈകുന്നേരം ഭക്തർക്കായി ചുക്കുകാപ്പി വിതരണവുമുണ്ട്.

ജനുവരി 11-നാണു പ്രസിദ്ധമായ എരുമേലിപ്പേട്ട. അഞ്ചിനുവൈകുന്നേരം ക്ഷേത്രത്തിലെത്തി കെട്ടുനിറയ്ക്കുന്ന സംഘം ആറിനു രഥയാത്രയായി നഗരപ്രദക്ഷിണം നടത്തും. ഏഴിനു രഥയാത്ര അമ്പലപ്പുഴയിൽനിന്നുപുറപ്പെട്ട് കവിയൂരിലെത്തും. ഒൻപതിനു മണിമലക്കാവ് ദേവീക്ഷേത്രത്തിൽ ആഴിപൂജ, 13-നു പമ്പാസദ്യ, 14-നു നെയ്യഭിഷേകം, മഹാനിവേദ്യം, 15-നു മാളികപ്പുറം മണിമണ്ഡപത്തിൽനിന്നു ശീവേലി എഴുന്നള്ളത്ത്, കർപ്പൂരാഴിപൂജ, മലയിറക്കം. ദേവസ്വം ബോർഡ് അനുവദിക്കുന്ന എണ്ണം ഭക്തർ തീർഥാടനത്തിൽ പങ്കെടുക്കും.

എരുമേലിവരെ രഥഘോഷയാത്രയായും അനുമതി ലഭിക്കുകയാണെങ്കിൽ തുടർന്ന് കാൽനടയായും അല്ലെങ്കിൽ പ്രത്യേക വാഹനത്തിലും യാത്രതുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.

രക്ഷാധികാരി കളത്തിൽ ചന്ദ്രശേഖരൻനായർ, സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, സംഘം ഭാരവാഹികളായ ആർ. ഗോപകുമാർ, എൻ. മാധവൻകുട്ടിനായർ, കെ. ചന്ദ്രകുമാർ, ജി. ശ്രീകുമാർ, സി. വിജയ് മോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ആഴിപൂജകളുടെ സ്ഥലവും സമയവും

: ഡിസംബർ അഞ്ചിനു കളർകോട് മഹാദേവക്ഷേത്രം, ഒൻപതിനു പുതുക്കുളങ്ങര ദേവീക്ഷേത്രം, 11-നു മല്ലശ്ശേരി മഹാദേവക്ഷേത്രം, 14-നു കാക്കാഴം പള്ളിക്കാവ് ദേവീക്ഷേത്രം, 15-ന് ഇരട്ടക്കുളങ്ങര മഹാദേവക്ഷേത്രം, 16-ന് അമ്പലപ്പുഴ ആഞ്ഞിലിക്കാവ് ക്ഷേത്രം, 18-ന് ആമയിട വെട്ടിയതിനകം, 19-ന് അമ്പലപ്പുഴ ഭൈരവസ്വാമീക്ഷേത്രം, 20-നു പനയന്നാർകാവ് ദേവീക്ഷേത്രം, 22-ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമീക്ഷേത്രം, 23-നു കായിപ്പള്ളി ദേവീക്ഷേത്രം, 24-നു കരൂർ കോവിൽപ്പറമ്പ് ശങ്കരനാരായണമൂർത്തീക്ഷേത്രം, 25-ന് കാഞ്ഞൂർമഠം ദേവീക്ഷേത്രം, 2022 ജനുവരി ഒന്നിന് അടിമന ദേവീക്ഷേത്രം.