കുട്ടനാട് : പ്രധാനമന്ത്രി ഫസൽബീമാ പദ്ധതിയുടെ ഭാഗമായവർക്ക് കൃഷിനാശത്തിന്റെ നഷ്ടപരിഹാരം നൽകാത്തത് കേന്ദ്രവിഹിതം കിട്ടാത്തതിനാലെന്ന്‌ ഇൻഷുറൻസ് കമ്പനി അധികൃതർ. കളക്ടർ എ. അലക്സാണ്ടർ ലിളിച്ചുചേർത്ത യോഗത്തിലാണ് ഇൻഷുറൻസ് കമ്പനി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയതെന്നു കൃഷിവകുപ്പധികൃതർ പറഞ്ഞു.

വിഹിതം ലഭിച്ചാലുടൻ കർഷകർക്കു പണംനൽകുമെന്ന് അധികൃതർ ഉറപ്പുനൽകി. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പു നൽകുന്ന കണക്കനുസരിച്ചാണ് ഇൻഷുറൻസ് തുക നിശ്ചയിക്കുന്നത്.

വിളനാശം കണക്കാക്കുന്നതിങ്ങനെ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൃഷിനാശത്തിന്റെ കണക്കെടുക്കുന്നത് കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. ഏതു സർവേനമ്പരിൽവരുന്ന കൃഷിഭൂമിയിൽ പരിശോധന നടത്തണമെന്ന് സീസൺ തുടങ്ങുമ്പോൾത്തന്നെ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും. പരിശോധനയ്ക്കായി തിരഞ്ഞെടുത്ത കൃഷിഭൂമികളിൽ വിളനശിച്ചിട്ടില്ലെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ വിളനാശം ഉണ്ടായിട്ടില്ലെന്നാണു കണക്കാക്കുക. ഈ സംവിധാനത്തിന്റെ അപാകം കാരണമാണ് അർഹതപ്പെട്ടവർക്കു നഷ്ടപരിഹാരമില്ലെന്ന അവസ്ഥ വന്നത്.

കർഷക മോർച്ച പ്രതിഷേധിച്ചു

മങ്കൊമ്പ് : കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കർഷകമോർച്ച ചമ്പക്കുളം കൃഷി അസി. ഡയറക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. രഞ്‌ജിത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് പറമ്പിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എൻ.വി. നാരായണദാസ്, കെ.പി. സുരേഷ്, സുകുമാരൻ നായർ, സി. മോഹനചന്ദ്രൻ, ആർ.പി. സുരേഷ്, അജി മണലാടി, സതീഷ് വി. പണിക്കർ എന്നിവർ നേതൃത്വം നൽകി.

നഷ്ടപരിഹാരം അടിയന്തരമായി വിതരണം ചെയ്യണം

ആലപ്പുഴ : പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അടിയന്തരമായി സർക്കാരുകൾ കൃഷിക്കാർക്കു വിതരണം ചെയ്യണമെന്നു കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ.

കുട്ടനാട് താലൂക്കിൽ കൃഷിനാശം വന്നവർക്കു നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ലഭിക്കണം. ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. സിബിച്ചൻ കല്ലുപാത്ര, ജോമോൻ കുമരകം, ജേക്കബ് എട്ടുപറയിൽ, പി.ടി. രാമചന്ദ്രപ്പണിക്കർ, ബിനു മദനൻ എന്നിവർ പങ്കെടുത്തു.

അപ്പീൽ നൽകാം

പരാതിക്കാർക്ക് അപ്പീൽ നൽകാനുള്ള സാഹചര്യമൊരുക്കാൻ ചർച്ചയിൽ തീരുമാനമായെന്നു കൃഷിവകുപ്പധികൃതർ അറിയിച്ചു.

കളക്ടർ വിളിച്ച യോഗത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദ്യോഗസ്ഥർ, ബാങ്കിന്റെയും ഇൻഷുറൻസ് കമ്പനിയുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.