ചേർത്തല : ചേർത്തലയിലെ നിർദിഷ്ട മാലിന്യസംസ്കരണ പ്ലാന്റിന്റെ നിർമാണത്തിലും നടത്തിപ്പിലുമുള്ള പങ്കാളിത്തത്തെച്ചൊല്ലി ചേർത്തല നഗരസഭയും തണ്ണീർമുക്കം പഞ്ചായത്തുമായുള്ള തർക്കത്തിന് മന്ത്രിതല യോഗത്തിലും പരിഹാരമായില്ല. പഞ്ചായത്തുപരിധിയിലെ സ്ഥലത്തു നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച്‌ തങ്ങളെ അറിയിച്ചില്ലെന്നാണു തണ്ണീർമുക്കം പഞ്ചായത്ത് ഭരണാധികാരികളുടെ പ്രധാന പരാതി.

ചേർത്തല നഗരസഭയുടെ നേതൃത്വത്തിലാണ് സെപ്‌റ്റേജ് മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടി തുടങ്ങിയത്.

തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡിലെ ആനതറ വെളിയിലെ 50 സെന്റിലാണ് പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചത്. റീ ബിൽഡ് കേരള പദ്ധതിപ്രകാരം 5.25 കോടി രൂപയാണു വകയിരുത്തിയത്. ദിവസേന കുറഞ്ഞത് 50 ലോറി മാലിന്യം ആദ്യഘട്ടത്തിൽ ഇവിടെ സംസ്കരിക്കാനാകും. ഒരു ലോറി മാലിന്യം സംസ്കരിക്കുന്നതിന് 600 രൂപ ഈടാക്കാനായിരുന്നു തീരുമാനം. പ്രതിമാസം രണ്ടരലക്ഷത്തോളം രൂപ പ്രവർത്തനച്ചെലവും കണക്കാക്കിയിരുന്നു.

കരാറെടുക്കുന്ന കമ്പനിക്കായിരിക്കും ആദ്യ അഞ്ചുവർഷം നടത്തിപ്പിന്റെ ചുമതല. അതിനുശേഷം നഗരസഭയ്ക്കു കൈമാറാനുമായിരുന്നു പദ്ധതി. ഇതിനു ഭരണാനുമതിയും ടെക്‌നിക്കൽ അനുമതിയും ലഭിച്ചു.

തുടർനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് തങ്ങളോടാലോചിക്കാതെ നടപടി സ്വീകരിച്ചുവെന്ന പരാതിയുമായി തണ്ണീർമുക്കം പഞ്ചായത്ത് രംഗത്തെത്തിയത്. പ്രദേശവാസികളുടെ ആശങ്കയകറ്റുക, പ്ലാന്റിന്റെ രൂപരേഖയും പ്രവർത്തനവും സംബന്ധിച്ച വിശദവിവരങ്ങൾ നൽകുക, പഞ്ചായത്തു പരിധിയിലെ മാലിന്യങ്ങൾ സൗജന്യമായി പ്ലാന്റിൽ സംസ്കരിക്കുക, പ്ലാന്റിൽനിന്ന്‌ ലഭിക്കുന്ന വരുമാനത്തിലും തൊഴിലവസരങ്ങളിലും നടത്തിപ്പിലും പങ്കാളിത്തം നൽകുക തുടങ്ങിയവയാണു പഞ്ചായത്തിന്റെ പ്രധാനയാവശ്യങ്ങൾ. പ്ലാന്റ് സ്ഥാപിക്കുന്നതിനു തങ്ങൾ എതിരല്ലെന്നും അവർ പറഞ്ഞു.

എന്നാൽ, 60 വർഷമായി സ്ഥലം തങ്ങളുടെ കൈവശമാണെന്ന് നഗരസഭാധികൃതർ വാദിക്കുന്നു. ഇവിടെ മതിൽകെട്ടി ഗേറ്റ് സ്ഥാപിച്ച് ബോർഡും വെച്ചിട്ടുണ്ട്.

വർഷങ്ങൾക്കുമുൻപ്‌ ഇവിടെ ആധുനിക ശ്മശാനം നിർമിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. അതു പുനർനിർമിക്കാനുള്ള നടപടികളും ആരംഭിച്ചു. അപ്പോഴൊന്നും ഉന്നയിക്കാത്ത തടസ്സവാദമാണ് ഇപ്പോൾ പഞ്ചായത്തുന്നയിക്കുന്നത്. ആർക്കും ദോഷമുണ്ടാകാത്ത പദ്ധതി നടപ്പാകണമെന്നു മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നു നഗരസഭ വിശദീകരിച്ചു.

മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽച്ചേർന്ന യോഗത്തിൽ കളക്ടർ എ. അലക്സാണ്ടർ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും നഗരസഭ - പഞ്ചായത്തധികൃതരും പങ്കെടുത്തു.

പ്ലാന്റ് സമൂഹത്തിന് ഏറെ ഗുണകരമാകുമെന്ന കാര്യത്തിൽ ഇരുകൂട്ടർക്കും തർക്കമില്ല. എന്നാൽ, ഇരുകൂട്ടരും ഉന്നയിച്ച പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

അതിനാൽ പ്രശ്‌നം പരിഹരിക്കാൻ ഇടതുമുന്നണി ജില്ലാ നേതൃത്വം ഇടപെടണമെന്ന ആവശ്യം ശക്തമായി.