ചാരുംമൂട് : കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരേ നൂറനാട് പടനിലം കിടങ്ങയത്ത് പ്രതിഷേധമിരമ്പി. പദ്ധതിയുടെ സർവേക്ക്‌ എത്തിയ ഉദ്യോഗസ്ഥസംഘത്തെ നാട്ടുകാർ തടഞ്ഞു. മൂന്നു പഞ്ചായത്ത് അംഗങ്ങളും സ്ത്രീകളുമടക്കം നൂറോളം പേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. അറസ്റ്റുചെയ്തവരെ കൊണ്ടുപോകുന്നതു തടയാൻ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സർവേ ജോലികൾ നടന്നു.

കെ-റെയിൽ സിൽവർലൈൻ കടന്നുപോകുന്ന പടനിലം കിടങ്ങയം ഏലിയാസ് നഗറിലാണു സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായത്. ഇവിടെ കിടങ്ങയം, പാലമേൽ വാർഡുകളിൽ കൂടിയും കരിങ്ങാലിച്ചാൽ പുഞ്ചയിൽ കൂടിയുമാണ് റെയിൽവേലൈൻ കടന്നുപോകുന്നത്. പുഞ്ചയുടെ ആഴവും വെള്ളത്തിന്റെ അളവും തിട്ടപ്പെടുത്താനാണ് റബ്ബർബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥരും പണി കോൺട്രാക്ട് എടുത്ത കമ്പനി ജോലിക്കാരുമടങ്ങുന്ന സംഘം എത്തിയത്. തിങ്കളാഴ്ച പ്രതിഷേധത്തെ തുടർന്നു മടങ്ങിയ ഉദ്യോഗസ്ഥസംഘം പോലീസ് സാന്നിധ്യത്തിൽ ബുധനാഴ്ച വീണ്ടും എത്തുകയായിരുന്നു.

രാവിലെ പത്തോടെ എത്തിയ ഇവരുടെ വാഹനം നാട്ടുകാർ സംഘടിച്ചെത്തിത്തടഞ്ഞിട്ടു. സ്ഥലത്തുണ്ടായിരുന്ന നൂറനാട് എസ്.എച്ച്.ഒ. വി.ആർ. ജഗദീഷ് നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോയില്ല. തുടർന്നു മാവേലിക്കരയിൽനിന്നു തഹസിൽദാർ എസ്. സന്തോഷ്‌കുമാർ സംഭവസ്ഥലത്തെത്തി. കളക്ടറെ സംഭവങ്ങൾ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്കുവേണ്ട സംരക്ഷണം നൽകാൻ കളക്ടർ നിർദേശം നൽകി.

ഉച്ചയോടെ ചെങ്ങന്നൂർ, വള്ളികുന്നം, മാവേലിക്കര, വെണ്മണി പോലീസ് സ്റ്റേഷനുകളിൽനിന്നു കൂടുതൽ പോലീസ് എത്തി. എസ്.എച്ച്.ഒ.മാരായ ജോസ് മാത്യു, ഇഗ്നേഷ്യസ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സമരക്കാരെ അറസ്റ്റുചെയ്തു നൂറനാട് സ്റ്റേഷനിലേക്കു മാറ്റി. അറസ്റ്റുചെയ്തവരെ കൊണ്ടുപോകുന്നതു തടയാൻ സ്ത്രീകളടക്കമുള്ളവർ ശ്രമിച്ചത് പോലീസുമായി സംഘർഷത്തിനിടയാക്കി. ഇവരെ നീക്കംചെയ്തശേഷമാണ് അറസ്റ്റു ചെയ്തവരെ കൊണ്ടുപോകാനായത്.

ഗ്രാമപ്പഞ്ചായത്ത് കോൺഗ്രസ് അംഗങ്ങളായ പി.പി. കോശി, ഷൈലജ, ബി.ജെ.പി. അംഗം വിഷ്ണു, കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ലാ പ്രസിഡന്റ് സന്തോഷ് പടനിലം, സെക്രട്ടറി കെ.ആർ. ഓമനക്കുട്ടൻ എന്നിവരെയടക്കമാണ് അറസ്റ്റിലായത്. സമരക്കാരെ നീക്കിയശേഷം പോലീസ് സാന്നിധ്യത്തിൽ സർവേ ജോലികൾ നടന്നു. പുഞ്ചയിലെ വെള്ളത്തിൽ റബ്ബർ ബോട്ടിറക്കി ആധുനിക സംവിധാനങ്ങളുമായി സാറ്റലൈറ്റ് സഹായത്തോടെയാണു പുഞ്ചയുടെ ആഴം തിട്ടപ്പെടുത്തുന്ന ജോലികൾ നടത്തിയത്. അറസ്റ്റിലായവരെ പിന്നീട്, ജാമ്യത്തിൽ വിട്ടു.

അറസ്റ്റുചെയ്യപ്പെട്ടവർ പോലീസ് സ്റ്റേഷനുള്ളിൽ നിൽക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരെത്തി സ്റ്റേഷനുമുന്നിൽ പ്രതിഷേധസമരം നടത്തി. ജി. ഹരിപ്രകാശ്, ജി. വേണു, എം.ആർ. രാമചന്ദ്രൻ, ഷാജി നൂറനാട്, വന്ദനാ സുരേഷ്, ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് കോൺഗ്രസ്-ബി.ജെ.പി. പ്രവർത്തകർ സംയുക്തമായി നൂറനാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.