ചെന്നിത്തല : ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ രവികുമാറിനെതിരേ ബി.ജെ.പി.അംഗങ്ങൾ നൽകിയ അവിശ്വാസത്തിന്മേലുള്ള ചർച്ച വ്യാഴാഴ്ച 11-നു നടക്കും. ബി.ജെ.പി. പ്രസിഡന്റും കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്ന ഭരണസമിതിയാണ് പഞ്ചായത്തിലുള്ളത്. കോൺഗ്രസിനും ബി.ജെ.പി.ക്കും ആറു സീറ്റുവീതവും എൽ.ഡി.എഫിന് അഞ്ചുസീറ്റും ഒരു കോൺഗ്രസ് വിമതനുമായിരുന്നു പഞ്ചായത്തിലുണ്ടായിരുന്നത്. അടുത്തിടെ കോൺഗ്രസ് വിമതൻ ദിപു പടകത്തിൽ കേരളകോൺഗ്രസ് മാണിയിലേക്കു മാറിയതോടെ മൂന്നുമുന്നണികൾക്കും ആറുസീറ്റു വീതമായി.

കോൺഗ്രസിലെ മൂന്നാംവാർഡംഗം പുഷ്പാ ശശികുമാർ വിദേശത്തും 9-ാം വാർഡംഗം ബിനി സുനിൽ ചികിത്സാർഥം അവധിയിലുമായതിനാൽ കോൺഗസിന് നാലംഗങ്ങളുടെ പിൻബലമേ യോഗത്തിലുണ്ടാവുകയുള്ളു. സി.പി.എമ്മിന്റെ നിലപാട് ഇവിടെ നിർണായകമാകും. ബി.ജെ.പിയുമായി ചേർന്ന് ഒരുപ്രവർത്തനത്തിനും തങ്ങളില്ലെന്ന് സി.പി.എം. മാന്നാർ ഏരിയ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ പറഞ്ഞു. കോൺഗ്രസ് അംഗങ്ങൾ ചർച്ച ബഹിഷ്കരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് രാധേഷ് കണ്ണന്നൂർ പറഞ്ഞു.