കരുവാറ്റ : കുറിച്ചിക്കൽ കടവിൽ പാലത്തിന്റെ നിർമാണം നിലച്ചിട്ട് ഒന്നരവർഷം. നിർമാണത്തിനായി എത്തിച്ച രണ്ട്‌ ബാർജുകൾ ആറ്റിൽ ഉപേക്ഷിച്ച നിലയിലാണ്. അതിനാൽ ഈ ഭാഗത്തൂടെ വള്ളത്ത‌ിലൂടെയുള്ള യാത്ര അപകടകരമാണ്. ശക്തമായ കാറ്റിൽ ബാർജ് വള്ളത്തിൽ ഇടിക്കുന്നതാണ് അപകടത്തിനുകാരണം. പലതവണ വള്ളങ്ങൾ അപകടത്തിൽപ്പെട്ടിട്ടുമുണ്ട്.

കരുവാറ്റ വള്ളംകളി പവിലിയനിലും കുറിച്ചിക്കൽ ബോട്ട് ജെട്ടിയുടെ കിഴക്കുമാണ് ബാർജുകൾ കെട്ടിയിട്ടിരിക്കുന്നത്. അതിനാൽ മഴയത്തും വെള്ളപ്പൊക്കത്തിലും ആറ്റിൽ ശക്തമായ ഒഴുക്കുള്ളപ്പോഴും പള്ളിക്കടവിലും സമീപത്തും പായലും പോളയും മാലിന്യങ്ങളും അടിയും. കടത്തുവള്ളങ്ങൾ അടുപ്പിക്കാൻ കഴിയാത്ത രീതിയിലാണു പായലും മറ്റും അടിയുന്നത്.

ബാർജുകളിൽ തട്ടി ഓളങ്ങളുണ്ടാകുമ്പോൾ വള്ളങ്ങൾ ആടിയുലയാറുണ്ട്. യാത്രക്കാരുമായി എത്തുന്ന വള്ളങ്ങൾ ഏറെ പണിപ്പെട്ടാണു കരയെത്തുന്നത്.

സ്കൂൾ തുറന്നതോടെ സെയ്ന്റ് ജോസഫ് എൽ.പി. സ്കൂളിലേക്കുള്ള നിരവധി കുട്ടികൾ വള്ളത്തിലാണ് എത്തുന്നത്. കുട്ടികളുമായി എത്തുന്ന വള്ളങ്ങൾ അരമണിക്കൂറോളം സമയമെടുത്താണു കരയ്ക്കടുപ്പിക്കുന്നത്. ഒഴുക്കിൽ കൽക്കെട്ടുകൾ തകരുകയും കൽക്കെട്ടിനുള്ളിലെ മണ്ണ് ഒലിച്ചും പോയിട്ടുണ്ട്.

പ്രശ്നത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും രക്ഷാകർത്താക്കളും അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.

ബാർജുകളുള്ളതിനാൽ വള്ളത്തിലൂടെയുള്ള യാത്രയും ബുദ്ധിമുട്ടിൽവള്ളങ്ങൾ അപകടത്തിൽപ്പെടുന്നു

വള്ളങ്ങൾ ബാർജുകളിൽ തട്ടി പലതവണ അപകടമുണ്ടായിട്ടുണ്ട്. ചെറിയകുട്ടികളാണു വള്ളത്തിൽ പോകുന്നത്. ബാർജുകൾ നീക്കാൻ നടപടി വേണം

എസ്. മനു

പി.ടി.എ.പ്രസിഡന്റ്, സെയ്‌ന്റ് ജോസഫ് എൽ.പി.എസ്.

ബാർജുകൾ അടിയന്തരമായി നീക്കണം

കുറിച്ചിക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട്‌ എത്തിച്ച ബാർജുകൾ അടിയന്തരമായി നീക്കണം. യാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും വള്ളത്തിൽ സുരക്ഷിതമായി യാത്രചെയ്യാനുള്ള സാഹചര്യമുണ്ടാക്കണം

ഫാ. ടിജോ കക്കുഴി

വികാരി, സെയ്ന്റ് ജോസഫ് പള്ളി

സാധനങ്ങൾ എത്തിക്കാനും ബുദ്ധിമുട്ടുന്നു

സ്കൂൾ കുട്ടികൾക്കു ഭക്ഷണത്തിനുള്ള സാധനങ്ങൾ എത്തിക്കാനും തടസ്സമുണ്ടാകുന്നു. ബാർജുകൾ കെട്ടിയിട്ട കടവിലാണു വള്ളം അടുക്കുന്നത്

ജിജി ചാക്കോ

രക്ഷാകർത്താവ്

പണിതിട്ടും പണിതിട്ടും തീരാതെ പാലം

2016-ലാണു കുറിച്ചിക്കൽ പാലം പണി തുടങ്ങിയത്. നെടുമുടി-കരുവാറ്റ റോഡിന്റെ ഭാഗമായുള്ള കുറിച്ചിക്കൽ പാലത്തിന്റെ നിർമാണച്ചെലവ് 30 കോടി രൂപയാണ്. തൊഴിൽ തർക്കത്തെ തുടർന്നു പലതവണ നിർമാണം നിർത്തിവെച്ചു. പിന്നീട്, കരാറുകാർ തമ്മിൽ തർക്കമായി. പലതവണ നിർമാണം മുടങ്ങിയപ്പോൾ വീണ്ടും കരാർ വിളിച്ചു. എന്നാൽ, കണക്കെടുപ്പു നടത്തിയപ്പോൾ പഴയതിനെക്കാൾ ഉയർന്ന തുകയായതിനാൽ ധനവകുപ്പിന്റെ അനുമതിയും ലഭിച്ചില്ല. കരിനിലങ്ങളെയും കുട്ടനാടിനെയും ബന്ധിപ്പിക്കുന്ന യാത്രാമാർഗമാണ് കുറിച്ചിക്കൽ പാലം.