ഹരിപ്പാട് : മാസങ്ങൾക്കുശേഷം കടലിൽപോകാനുള്ള ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. വലനെയ്തും വള്ളത്തിന്റെ കേടുപാടുകൾ തീർത്തും അവർ കാത്തിരിക്കുകയാണ്. ബുധനാഴ്ചമുതൽ മീൻപിടിത്തം തുടങ്ങാം. എന്നാൽ, കൺടെയ്ൻമെന്റ് സോണുകൾ കൂടിവരുന്നതും സൈക്കിളിലും ഇരുചക്രവാഹനങ്ങളിലുമുള്ള വിൽപ്പന ബുദ്ധിമുട്ടായതും കച്ചവടത്തെ ബാധിക്കുമോയെന്നാണ് ഇവരുടെ ആശങ്ക. കോവിഡ് ഭയന്ന് ആളുകൾ മീനൊഴിവാക്കുന്ന സ്ഥിതിയുമുണ്ട്.
ട്രോളിങ് നിരോധനത്തോടെയാണ് ബോട്ടുകൾ മീൻപിടിത്തം നിർത്തിയത്. ഈസമയത്ത് പരമ്പരാഗത തൊഴിലാളികൾക്ക് വള്ളം കടലിൽ ഇറക്കാമായിരുന്നു. എന്നാൽ, ലോക്ഡൗണും പിന്നാലെവന്ന മീൻപിടിത്ത നിരോധനവും ഇവർക്ക് വിനയായി. ട്രോളിങ് നിരോധനം വന്നുകഴിയുമ്പോൾ ബോട്ടിലെ തൊഴിലാളികളുൾപ്പെടെ തെർമോക്കോൾ വള്ളത്തിൽ മീൻപിടിക്കാനിറങ്ങാറുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം വള്ളങ്ങളിലെ മീൻപിടിത്തമുൾപ്പെടെ വിലക്കിയിരുന്നു. ഇതോടെ ചെറിയവരുമാനം പോലും കിട്ടാത്ത സ്ഥിതിയായി. തൃക്കുന്നപ്പുഴ പഞ്ചായത്തിൽമാത്രം നാനൂറിലധികം തെർമോക്കോൾ വള്ളങ്ങളുണ്ട്.
സീസണിൽ മീൻകിട്ടിയില്ല; കടബാധ്യത പെരുകി
:ജൂൺമുതൽ ഓഗസ്റ്റുവരെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നല്ലവരുമാനം കിട്ടുന്നത്. ജൂണിൽ ട്രോളിങ് നിരോധനത്തിനുപിന്നാലെ ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ചെമ്മീൻ, മത്തി, അയല എന്നിവ ധാരാളമായി കിട്ടും. ചാകരക്കോളുകിട്ടുന്നതും ഈ സമയത്താണ്. മത്സ്യത്തൊഴിലാളികൾ ഒരുവർഷത്തെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നത്, വീട്ടിലേക്ക് ആവശ്യമായ സാധനങ്ങൾവാങ്ങുന്നതുമെല്ലാം സീസണിലെ വരുമാനം കൊണ്ടാണ്. പക്ഷേ, ഇത്തവണ ഇതുവരെയും മികച്ചവരുമാനം കിട്ടിയിട്ടില്ല. അതിനാൽ ഭൂരിപക്ഷം തൊഴിലാളികളുടെയും കടബാധ്യതകൾ പെരുകുകയാണ്.