മുഹമ്മ : മുഹമ്മ പഞ്ചായത്ത്‌ 12-ാം വാർഡിൽ ഏറ്റവുംകൂടുതൽ ഒച്ചിനെ പിടിക്കുന്നവർക്ക് സൗജന്യ മെട്രോ യാത്ര. ഒച്ചുരഹിതഗ്രാമംപദ്ധതിയുടെ നാലാംഘട്ടം ഒന്നുമുതൽ 10 വരെയാണു നടക്കുന്നത്. ഒരുവർഷംകൊണ്ട് ഒച്ചില്ലാത്ത നാടാക്കി വാർഡിനെ മാറ്റുകയാണു ലക്ഷ്യം. ഏറ്റവുംകൂടുതൽ ഒച്ചുകളെ പിടിക്കുന്ന 50 പേർക്ക് കൊച്ചി മെട്രോ ട്രെയിനിൽ സൗജന്യയാത്രയാണ് ഇക്കുറി സമ്മാനം. മൂന്നാംഘട്ടത്തിൽ മുന്നിലെത്തിയ 50 പേർക്ക് രണ്ടു താറാവുകളെ വീതമാണ് സമ്മാനമായി നൽകിയത്. രണ്ടാംഘട്ടത്തിൽ ഓണംബംപർ ലോട്ടറി ടിക്കറ്റാണ് നൽകിയത്.

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ വാർഡിൽ ഒരുവർഷംനീളുന്ന പദ്ധതിയാണു നടന്നുവരുന്നത്. ജൂൺ ഒന്നിനാണ് തുടങ്ങിയത്. ഓരോ രണ്ടുമാസം കൂടുമ്പോഴും പദ്ധതി ആവർത്തിക്കുമെന്ന് വാർഡ് മെമ്പർ ബി. ലതീഷ് ചന്ദ്രൻ പറഞ്ഞു.

എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പുവീതം നൽകും. ബക്കറ്റിൽ തയ്യാറാക്കുന്ന ഉപ്പുലായനിയിൽ രാത്രിയിൽ ഒച്ചുകളെ പിടിച്ചിട്ടു നശിപ്പിക്കുകയാണു വേണ്ടത്.‌