ആലപ്പുഴ : മുൻ വ്യവസായമന്ത്രി ടി.വി. തോമസ് സ്ഥാപിച്ച പാതിരപ്പള്ളി എക്‌സൽ ഗ്ലാസസ് കമ്പനി ഏറ്റെടുക്കുന്നതിൽ വിമുഖതകാട്ടുന്ന സർക്കാർ നിലപാടിൽ കടുത്ത പ്രതിഷേധവുമായി എ.ഐ.ടി.യു.സി. സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി തുടർപ്രക്ഷോഭത്തിനിറങ്ങുകയാണു സംഘടന.

അടച്ചുപൂട്ടിയ പല വ്യവസായ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്ത ചരിത്രം ഉണ്ടെന്നിരിക്കെ എക്സൽ ഗ്ളാസസിന്റെ കാര്യത്തിൽ കാട്ടുന്ന മൗനം പ്രതിഷേധാർഹമാണെന്ന് എ.ഐ.ടി.യു.സി. നേതാക്കൾ പറഞ്ഞു.

കോടതിവ്യവഹാരങ്ങളുടെ പേരുപറഞ്ഞാണു കമ്പനി ഏറ്റെടുക്കുന്നതിൽനിന്നു സർക്കാർ ഒഴിഞ്ഞുമാറുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ(എൻ.സി.എൽ.ടി.) നിയമിച്ച ലിക്വിഡേറ്റർ എട്ടുതവണ ലേലം നിശ്ചയിച്ചെങ്കിലും ലേലംകൊള്ളാൻ ആരും എത്തിയില്ല. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ സ്ഥാപനം സർക്കാർ ഏറ്റെടുക്കണം.

600-ളോം പേർ നേരിട്ടും 1000-ൽ അധികം ആളുകൾ പരോക്ഷമായും തൊഴിൽചെയ്തിരുന്ന സ്ഥാപനം 2012-ലാണ് അടച്ചുപൂട്ടിയത്. ആനുകൂല്യങ്ങളൊന്നും കിട്ടാതെ 20 തൊഴിലാളികൾ ഇതിനകം മരിച്ചതായും നേതാക്കൾ പറഞ്ഞു.

പ്രതിഷേധജ്ജ്വാല നാളെ

പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നാലിനു കമ്പനിപ്പടിക്കൽ പ്രതിഷേധജ്ജ്വാലയും സമ്മേളനവും നടത്തുമെന്നു നേതാക്കൾ പറഞ്ഞു. എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യും. ദേശീയസമിതി അംഗം പി.വി. സത്യനേശൻ പ്രതിഷേധജ്ജ്വാല തെളിക്കും.

പത്രസമ്മേളത്തിൽ എക്സൽ ഗ്ലാസസ് എംപ്ലോയീസ് യൂണിയൻ(എ.ഐ.ടി.യു.സി.) സെക്രട്ടറി ആർ. അനിൽകുമാർ, എ.ഐ.ടി.യു.സി. ജില്ലാ അസി. സെക്രട്ടറി ഡി.പി. മധു, സമര സംഘടകസമിതി ചെയർമാൻ പി.യു. അബ്ദുൾ കലാം, കൺവീനർ ആർ. ശശിയപ്പൻ എന്നിവർ പങ്കെടുത്തു .