ചേർത്തല : സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന മുന്നേറ്റമാണു തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. ഉയർന്നുന്നതെന്നു മന്ത്രി ജി. സുധാകരൻ. ജനങ്ങൾ പ്രധാനമായും പരിഗണിക്കുക ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല നഗരസഭ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെയാകെ ഒന്നായി കണ്ടാണ് പദ്ധതികൾ നടപ്പാക്കിയത്. വോട്ടു ബാങ്ക് കാഴ്ചപ്പാടോടെ വികസനം എത്തിക്കുന്ന സമീപനം സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു. എൽ.ഡി.എഫ്. പ്രകടനപത്രിക യു. മോഹനന് നൽകി മന്ത്രി പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ ടി.ടി. ജിസ്‌മോൻ അധ്യക്ഷനായി. കൺവീനർ കെ. രാജപ്പൻനായർ, കെ. പ്രസാദ്, എൻ.ആർ. ബാബുരാജ്, സണ്ണി തോമസ്, എൻ.പി. ബദറുദീൻ, തോമസ് വടക്കേക്കരി, ജെറ്റിൻ കൈമാപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.