നവീകരണമില്ല, ചൂടേറുമ്പോള്‍ ദുരിതവുമേറും; ചെങ്ങന്നൂര്‍ മിത്രപ്പുഴക്കടവ് അവഗണനയില്‍


1 min read
Read later
Print
Share

വെള്ളപ്പൊക്കത്തില്‍ സുരക്ഷാവേലിയുടെ കിഴക്കുഭാഗത്തു മരംവന്നിടിച്ചു ബലക്ഷയം സംഭവിച്ചിരുന്നു.

മണ്ണടിഞ്ഞു മലിനമായിക്കിടക്കുന്ന മിത്രപ്പുഴക്കടവ്

ചെങ്ങന്നൂര്‍: രണ്ടുവര്‍ഷമായിട്ടു ചെങ്ങന്നൂര്‍ മിത്രപ്പുഴക്കടവ് നവീകരണമില്ലാതെ അവഗണനയില്‍. ചെളി നീക്കംചെയ്തു കടവിന് ആഴംകൂട്ടുന്ന പ്രവൃത്തികളുള്‍പ്പെടെയുള്ള നവീകരണമാണു വൈകുന്നത്. ശബരിമല തീര്‍ഥാടകരടക്കം അനേകമാളുകള്‍ കുളിക്കാനിറങ്ങുന്ന കടവു സംരക്ഷിക്കാനുള്ള നടപടികള്‍ വൈകുകയാണ്. കമ്പിവേലിക്കെട്ടിനുള്ളിലെ കടവിന്റെ ഒരുവശത്തു മുട്ടറ്റം മാത്രമാണു വെള്ളമുള്ളത്. മറ്റൊരു വശത്തു പടവുകള്‍ തകര്‍ന്നു മാലിന്യംനിറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ മിത്രപ്പുഴക്കടവിലെത്തി സ്‌നാനംകഴിഞ്ഞു ചെങ്ങന്നൂര്‍ ക്ഷേത്രദര്‍ശനവും നടത്തിയാണു പമ്പയ്ക്കു യാത്രതിരിക്കുന്നത്. കഴിഞ്ഞയാഴ്ച മീനമാസപൂജകള്‍ക്കായി നടതുറന്ന വേളയില്‍ കടവിലെത്തിയ തീര്‍ഥാടകരില്‍ പലരും മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. തീര്‍ഥാടകരുടെ സുരക്ഷയെ കരുതിയാണു കടവില്‍ സുരക്ഷാവേലികള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പു സ്ഥാപിച്ചത്.

ശുചീകരണം ചെങ്ങന്നൂര്‍ നഗരസഭയുടെയും നവീകരണച്ചുമതല മേജര്‍ ഇറിഗേഷന്റെയും പരിധിയിലാണ്. വെള്ളപ്പൊക്കത്തില്‍ സുരക്ഷാവേലിയുടെ കിഴക്കുഭാഗത്തു മരംവന്നിടിച്ചു ബലക്ഷയം സംഭവിച്ചിരുന്നു. വേലി ബലപ്പെടുത്താനായി പിന്നീടു സ്ഥാപിച്ച സ്റ്റേ വയറുകളിലൊന്നു പൊട്ടിപ്പോയിരുന്നു. ഇതുവരെയും ഇതു പുനഃസ്ഥാപിച്ചിട്ടില്ല.

ചൂടേറുമ്പോള്‍ ദുരിതവുമേറും

നിലവില്‍ നഗരസഭാ പരിധിയിലെ നൂറിനടുത്തു കുടുംബങ്ങളാണു കടവിനെ ആശ്രയിക്കുന്നത്. ചൂട് ഇനിയുമേറുന്നതോടെ പാണ്ടവന്‍പാറ, നൂറ്റവന്‍പാറ അടക്കമുള്ള പ്രദേശങ്ങളിലെ താമസക്കാരും തുണികഴുകാനടക്കം കടവിലെത്തും.

നിലവിലെ സാഹചര്യത്തില്‍ ഒന്നു മുങ്ങിനിവരാനുള്ള വെള്ളംപോലും കടവിലില്ല. മുന്‍പു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ബണ്ടിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടവിലുണ്ട്. ഇതും നീക്കംചെയ്യണം.

കടവു നവീകരിക്കാത്തതിനാല്‍ വെള്ളം താഴുന്നസമയത്തു കുളിക്കാനാകാത്തവിധം ചെളിവെള്ളംനിറയുന്ന സ്ഥിതിയാണ്. നദിയിലൂടെ ഒഴുകിയെത്തുന്ന വസ്ത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും അടിഞ്ഞുകൂടുന്നതും പ്രശ്നമാണ്. ഇവ നീക്കംചെയ്യാനും നടപടിവേണം. നവീകരണത്തിനു നേരത്തേ എസ്റ്റിമേറ്റെടുത്തെങ്കിലും തുടര്‍നടപടിയുണ്ടായില്ല.

Content Highlights: mithrapuzha kadav at the end of negligence

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented