ചെങ്ങന്നൂര്‍: മരണക്കിടക്കയില്‍നിന്ന് ജനങ്ങള്‍ വീണ്ടെടുത്ത വരട്ടാറിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായം. ഇരുകരകളിലും നടപ്പാത നിര്‍മിക്കാന്‍ 7.7 കോടിരൂപ അനുവദിച്ചു.

ഇരവിപേരൂര്‍, കുറ്റൂര്‍, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലുമുള്ള ആദിപമ്പ - വരട്ടാര്‍ തീരങ്ങളില്‍ നടപ്പാത നിര്‍മിക്കും. രണ്ടുഘട്ടങ്ങളിലായാണ് പണി പൂര്‍ത്തീകരിക്കുക. ഒന്നാംഘട്ടത്തില്‍ ആറ്റുപുറമ്പോക്ക്, റവന്യു പുറമ്പോക്ക് എന്നിവിടങ്ങളില്‍ നടപ്പാത നിര്‍മിക്കും. രണ്ടാംഘട്ടത്തില്‍ തീരങ്ങള്‍ നിരപ്പാക്കി കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കും.

വഞ്ചിപ്പോട്ടില്‍ കടവില്‍നിന്ന് ആരംഭിച്ച് ഇരമല്ലിക്കര വാളാത്തോട് വരെ 19 കിലോമീറ്റര്‍ ദൂരം ആറ്റുതീരത്ത് അഞ്ചടി വീതിയിലാണ് ടൈല്‍പാകി നടപ്പാത നിര്‍മിക്കുന്നത്. ബജറ്റ്വരെ കാക്കാതെ ജലവിഭവവകുപ്പ് പദ്ധതിതയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കുമെന്ന് തോമസ് ഐസക് നേരത്തേ അറിയിച്ചിരുന്നു. ഈ വാഗ്ദ്ദാനമാണ് മന്ത്രി പാലിച്ചിരിക്കുന്നത്.

ഇരവിപേരൂര്‍ , കുറ്റൂര്‍ പഞ്ചായത്തുകളില്‍ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി നടപ്പാത ടെണ്ടര്‍ ചെയ്തു. അതേസമയം ചെങ്ങന്നൂര്‍ നഗരസഭയിലും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും പുറമ്പോക്ക് അളന്ന് അതിരുകല്ലുകള്‍ സ്ഥാപിച്ചിട്ടില്ല. ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേക സര്‍വെസംഘത്തെ നിയോഗിച്ച് അതിര്‍ത്തി നിര്‍ണയിച്ച് കല്ലുകള്‍ സ്ഥാപിക്കണമെന്നായിരുന്നു തീരുമാനം. വിഷയത്തില്‍ പത്തനംതിട്ട ജില്ലാ ഭരണകൂടം കാണിക്കുന്ന താത്പര്യം ആലപ്പുഴയില്‍ കാണുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളില്‍ അടുത്തമാസം നടപ്പാത നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന് ജലസേചനവകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. വരട്ടാറില്‍ ചപ്പാത്തുകള്‍ക്ക് പകരം പാലങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി സ്ഥലപരിശോധനയ്ക്ക് അപേക്ഷ നല്‍കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് പരിശോധനാ നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടപ്പാത നിര്‍മ്മാണത്തിനുശേഷം ആറിന്റെ തീരത്ത് രണ്ടു വശങ്ങളില്‍ വൈവിദ്ധ്യമാര്‍ന്ന മരങ്ങള്‍ വെച്ചു പിടിപ്പിക്കും. നാട്ടുമരങ്ങളൊടൊപ്പം കാട്ടുമരങ്ങളും കണ്ടല്‍, ചതുപ്പ് പ്രദേശങ്ങളില്‍ വളരുന്ന പ്രത്യേകതയുള്ളവയും വെയ്ക്കും. ഓരോ സ്ഥലത്തും എന്ത് മരം നടണം എന്ന് ആറ് കടന്നു പോകുന്ന പ്രദേശങ്ങളിലെ കലാലയ സസ്യശാസ്ത്രവിഭാഗം മേധാവികളുടെ യോഗം ചേര്‍ന്നാവും തീരുമാനിക്കുക.

മരങ്ങള്‍ വെച്ചു പിടിപ്പിക്കലും പരിപാലനവും തൊഴിലുറപ്പുകാരുടെ മേല്‍നോട്ടത്തില്‍ നടക്കും. മരങ്ങളുടെ പേര്, ജാതി, ഗുണങ്ങള്‍ തുടങ്ങിയവ അറിയാന്‍ പ്രത്യേക ക്യു.ആര്‍. കോഡ് മരങ്ങളില്‍ പതിപ്പിക്കാനും പദ്ധതിയുണ്ട്. മൊബൈലില്‍ ചിത്രമെടുത്ത് പ്രത്യേക ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്താല്‍ നോക്കിയാല്‍ മരത്തെപ്പറ്റി മുഴുവന്‍ വിവരങ്ങളും അറിയാന്‍ സാധിക്കും.