വള്ളികുന്നം: വന്‍കിട മൂലധനശക്തികളുടെ തടവുകാരായി നരേന്ദ്രമോദി സര്‍ക്കാര്‍ മാറിയെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ശൂരനാട് സമരനായകന്‍ സി.കെ.കുഞ്ഞുരാമന്‍ അനുസ്മരണസമ്മേളനം ചൂനാട് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍പോലും ജനാധിപത്യത്തിന് നിരക്കുന്ന പ്രവര്‍ത്തനമല്ല നടത്തുന്നത്. കോടതികളെപ്പോലും ഭരണകൂടങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. യുക്തിചിന്തയും ശാസ്ത്രാവബോധവും നല്‍കുന്ന വിദ്യാഭ്യാസരീതിക്ക് പകരം അന്ധവിശ്വാസങ്ങള്‍ ചരിത്രരേഖകളാക്കി മാറ്റി വിദ്യാഭ്യാസരംഗം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഹിന്ദുത്വത്തിന്റെ പേരില്‍ സവര്‍ണ രാഷ്ട്രീയം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍.എസ്.എസ്. ആസ്ഥാനമായ നാഗ്പൂരില്‍ നിന്നാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും കാനം ആരോപിച്ചു.

പി.കെ.പ്രകാശ് അധ്യക്ഷനായി. ടി.ജെ.ആഞ്ചലോസ്, എ.ജെ.ഷാജഹാന്‍, എന്‍.രവീന്ദ്രന്‍, ജി.സോഹന്‍, കെ.എന്‍.ശിവരാമപിള്ള, കെ.എസ്.മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ മണയ്ക്കാട് ജങ്ഷനിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വൈകീട്ട് അനുസ്മരണ റാലി എന്നിവ നടന്നു.