ചെങ്ങന്നൂര്‍: ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗം ചൊവ്വാഴ്ച. എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ആര്‍.ഡി.ഒ. ഓഫീസില്‍ ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ശബരിമലയുടെ പ്രവേശന കവാടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള യോഗമാണ്. എല്ലാ കൊല്ലവും ഇത് കൃത്യമായി നടക്കാറുണ്ട്. പക്ഷേ, എടുക്കുന്ന തീരുമാനങ്ങള്‍ പലതും നടപ്പാകാറില്ലെന്നാണ് ആക്ഷേപം.

ശബരിമല ഫണ്ട് ഇക്കുറി ലഭിച്ചില്ലെന്ന വിവാദങ്ങള്‍ക്കിടെയാണ് യോഗം നടക്കുന്നത്. നഗരസഭാ പണവിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നല്‍കിയെന്ന് നഗരസഭയും പറയുന്നു. കാര്യമെന്തുമാകട്ടെ തീര്‍ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടതുണ്ട്. പണം അനുവദിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന സൂചന ലഭിച്ചത് ഏറെ ആശ്വാസകരമാണ്.

വൃശ്ചികം തുടങ്ങാന്‍ ഇനി ഒന്‍പത് ദിവസം മാത്രം ബാക്കി നില്‍ക്കേ ഏറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. മഹാദേവക്ഷേത്രത്തിന്റെ മുന്നില്‍ തുറന്ന ഓട ഭക്തര്‍ക്ക് ഭീഷണിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ മണ്ഡലകാലത്തെങ്കിലും തീരുമാനമായില്ലെങ്കില്‍ ഭക്തരും വാഹനങ്ങളും അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്.

മോഷണം തടയാന്‍ വിവിധ ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ മന്ത്രി പങ്കെടുത്ത യോഗത്തില്‍ തീരുംമാനിച്ചിരുന്നു. ഇതേപ്പറ്റിയും ഒരു വിവരവുമില്ല.

അടിന്തരമായി ചെയ്യേണ്ടവ

* ഭക്ഷണവില നിശ്ചയിച്ച് വില്‍പ്പനശാലകളില്‍ വിവിധ ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണം

* നിലവാര പരിശോധന കര്‍ശനമാക്കണം

* സ്‌പെഷ്യല്‍ ഊണിന്റെ പേരിലുള്ള കൊള്ള നിര്‍ത്തണം

* ഇതര സംസ്ഥാനത്തെ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കണം

* നഗരം കൂരിരുട്ടിലാണ്, വേണ്ടത്ര വെളിച്ചം നല്‍കണം

* തകര്‍ന്നു കിടക്കുന്ന ശബരിമല വില്ലേജ് റോഡും ടെമ്പിള്‍ റോഡും നവീകരിക്കണം

* ഓടകള്‍ ശുചീകരിക്കണം

* ജലഅതോറിറ്റി ടാപ്പുകള്‍ സ്ഥാപിക്കണം

* ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ട് വൃത്തിയാക്കണം

* ടാക്‌സി നിരക്കുകള്‍ നിശ്ചയിക്കണം