ചേപ്പാട്: റെയില്‍വേ സ്റ്റേഷന്‍ റോഡ് ടാര്‍ ചെയ്തിട്ട് വര്‍ഷം 35 ആകുന്നു. അറ്റകുറ്റപ്പണി ഇതുവരെയും നടന്നിട്ടില്ല. അന്നത്തെ ടാറിങ് നിശ്ശേഷം തകര്‍ന്നു. കാലമിത്രയായിട്ടും റോഡ് നന്നാക്കാന്‍ നടപടിയായില്ല. റോഡിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത നാട്ടുകാര്‍ ജനകീയസമിതി രൂപവത്കരിച്ച് സമരത്തിനിറങ്ങുകയാണ്.

ആദ്യഘട്ടമായി പോസ്റ്ററും ബാനറും കെട്ടി പ്രതിഷേധം അറിയിക്കും. രാഷ്ട്രീയ പാര്‍ട്ടികളെ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു. ഒരു പാര്‍ട്ടിക്കും പിരിവ് നല്‍കില്ലെന്നാണ് തീരുമാനം. അടുത്ത ഘട്ടത്തില്‍ സമരം ശക്തമാക്കും.

ദേശീയപാതയില്‍നിന്ന് ചേപ്പാട് റെയില്‍വേ സ്റ്റേഷന്‍ കടന്ന് ഏവൂര്‍-മുട്ടം റോഡിലെ പാലമൂട്ടിലെത്തുന്ന വഴിയാണിത്. 1982-ല്‍ ടാര്‍ ചെയ്തു. ചേപ്പാട് മേഖലയില്‍ ആദ്യം ടാര്‍ ചെയ്ത ഗ്രാമീണ റോഡുകളിലൊന്നാണിത്. തീരദേശ റെയില്‍വ വന്നതോടെ റോഡ് മുറിഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ ചുറ്റിപോകുന്ന വിധത്തില്‍ പുനര്‍നിര്‍മിച്ചു.

റെയില്‍വേയുടെ അപ്രോച്ച് റോഡും ഇതില്‍ ഉള്‍പ്പെടും. റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള ഭാഗം അവരും നന്നാക്കുന്നില്ല.

റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് പോകുന്നത്. റോഡ് നിറയെ ചെറുതും വലുതുമായ കുഴികളുമുള്ളതിനാല്‍. കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്.