പള്ളിപ്പുറം: പള്ളിപ്പുറം പത്മപുരം ആദിത്യക്ഷേത്രത്തിലെ പഞ്ചലോഹപ്രതിഷ്ഠയില്‍ ചാര്‍ത്തിയരുന്ന 30 ഗ്രാം തൂക്കം വരുന്ന മൂന്നുസ്വര്‍ണമാലകള്‍ മോഷണം പോയി. ബുധനാഴ്ച രാത്രി ദീപാരാധനയ്ക്കുശേഷം അത്താഴപ്പൂജയ്ക്കിടയിലുള്ള സമയത്തായിരുന്നു മോഷണം. ചേര്‍ത്തല പോലീസ് അന്വേഷണം തുടങ്ങി.

ദിവസവും ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കുശേഷം സമീപത്തെ ക്ഷേത്ര സ്ഥാപകന്റെ പ്രാര്‍ഥനാലയത്തില്‍ കൂട്ടപ്രാര്‍ഥന നടക്കാറുണ്ട്. 15 മിനിറ്റോളം നീളുന്ന ഈ പ്രാര്‍ഥനയില്‍ എല്ലാവരും പങ്കെടുക്കും. പ്രാര്‍ഥനയ്ക്കുശേഷം ശാന്തിയും പരികര്‍മികളും അത്താഴപ്പൂജയ്ക്കായി തിരികെ ശ്രീകോവിലില്‍ എത്തും. ബാക്കിയുള്ളവര്‍ വീടുകളിലേക്കു പോകുന്നതുമാണ് പതിവ്. ബുധനാഴ്ച ഈ സമത്താണ് മോഷണം നടന്നത്.

കൂട്ടപ്രാര്‍ഥനയ്ക്കുശേഷം അത്താഴപൂജയ്ക്ക് ശ്രീകോവിലില്‍ പ്രവേശിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടവിവരം അറിയുന്നത് എന്നാണ് ശാന്തിയും ക്ഷേത്രം ഭാരവാഹികളും പോലീസില്‍ അറിയിച്ചിരിക്കുന്നത്. പൂജയ്ക്ക് കയറിയ സമയം പഞ്ചലോഹവിഗ്രത്തിലെ ഉടയാടയും പൂമാലയും ക്രമംതെറ്റിയനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്. കൂട്ടപ്രാര്‍ഥന നടക്കുമ്പോള്‍ മോഷണം നടന്നിരിക്കാമെന്നാണ് നിഗമനം. ആ സമയം പ്രധാനക്ഷേത്രത്തിന്റെ നാലുനടയും തുറന്നിരിക്കുകയായിരുന്നു.

തുടര്‍ന്നുനടത്തിയ പരിശോധനയില്‍ നടപ്പില്‍ കുതിപ്പു തോന്നുന്ന ചില കാല്‍പ്പാടുകള്‍ ക്ഷേത്രവളപ്പില്‍ കണ്ടതായി സൂചനയുണ്ട്.. എന്നാല്‍ മഴയുള്ള സമയമായിരുന്നതിനാല്‍ അതുസംബന്ധിച്ച് കൂടുതല്‍ വ്യക്തതയില്ല. വിഗ്രഹത്തില്‍ ഏറ്റവും ആദ്യമാണ് സ്വര്‍ണമാലകള്‍ ചാര്‍ത്തുന്നത്.. അതിനു മുകളിലായി പൂമാലകളും ഉടയാടകളും ഉണ്ടാകും. ഇതിനാല്‍ സ്വര്‍ണമാലകള്‍ പുറമെനിന്ന് നോക്കിയാല്‍ അധികമാര്‍ക്കും കാണാനും സാധിക്കില്ല. ക്ഷേത്രവുമായി വളരെ അടുപ്പമുള്ളവര്‍ക്കുമാത്രമാണ് അത് അറിയാവുന്നത്.

ക്ഷേത്രത്തിലെ മേല്‍ശാന്തിയുടെയും ഉപശാന്തിയുടെയും അസൗകര്യം മൂലം ചേര്‍ത്തല സ്വദേശിയായ ശാന്തിയെ താത്കാലികമായി നിയോഗിച്ചിരിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ ക്ഷേത്രത്തെ സംബന്ധിച്ച് വിവരമുള്ളവരാകാം മോഷ്ടാക്കള്‍ എന്നാണ് സൂചന. ആലപ്പുഴയില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ശാന്തിയോടും ക്ഷേത്രം ഭാരവാഹികളോടും വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം പുരോഗമിക്കുകയാണെന്നു ചേര്‍ത്തല സി.ഐ. വി.പി.മോഹന്‍ലാല്‍, എസ്.ഐ. ജി.അജിത്ത്കുമാര്‍ എന്നിവര്‍ പറഞ്ഞു. സമീപകാലത്തായി ചേര്‍ത്തല മേഖലയില്‍ ക്ഷേത്രമോഷണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞയിടെയാണ് പാണാവള്ളി അരയങ്കാവ് ക്ഷേത്രത്തിലും നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തിലും മോഷണം നടന്നത്.


4310ppm1 -പള്ളിപ്പുറം പത്മപുരം ആദിത്യക്ഷേത്രത്തിലെ മോഷണം നടന്ന ശ്രീകോവിലിന്റെ ഭാഗത്ത് വിരലടയാള വിദഗ്ധര്‍ പരിശോധനനടത്തുന്നു.