മങ്കൊമ്പ്: കുട്ടനാട്ടിലുള്‍പ്പെടെ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് പുരോഗമിക്കവെ നെല്ലുസംഭരണവുമായി സഹകരിക്കില്ലെന്ന് ഭീഷണി ഉയര്‍ത്തി മില്ലുടമകള്‍. നെല്ലുസംഭരണത്തിന് തയ്യാറാക്കിയ കരാറിലെ വ്യവസ്ഥകളില്‍ വ്യക്തതയില്ലെന്നുപറഞ്ഞാണ് മില്ലുടമകള്‍ വിട്ടുനില്‍ക്കുന്നത്.

വ്യാഴാഴ്ച മില്ലുടമകളും സപ്ലൈകോ എം.ഡി.യുമായി എറണാകുളത്ത് ചര്‍ച്ച നടക്കും. നെല്ലുസംഭരണം ആരംഭിച്ച ചില പാടശേഖരങ്ങളിലെ നെല്ലിന് ഗുണനിലവാരമില്ലെന്നും നെല്ലെടുപ്പിന് ഓരോ സ്ഥലത്തും പലമാനദണ്ഡങ്ങളാണെന്നും മില്ലുടമകള്‍ ആരോപിക്കുന്നു. മില്ലുടമകള്‍ വിട്ടു നിന്നതോടെ പലസ്ഥലത്തും ചൊവ്വാഴ്ചമുതല്‍ നെല്ലെടുപ്പ് മുടങ്ങി.

നെല്ലിലെ പതിരിന്റെ അളവ് പരിശോധിച്ച് അതിന്റെ മൂന്നുശതമാനം കിഴിവും കറവലിന്റെ അളവിന്റെ 2.5ശതമാനം കിഴിവും മില്ലുടമകള്‍ക്ക് വാങ്ങാമെന്നായിരുന്നു സപ്ലൈകോയുടെ നിര്‍ദേശം. എന്നാല്‍, ഇത് പറ്റില്ലെന്നും 1,000 നെല്‍മണി തൂക്കിനോക്കിയുള്ള മുന്‍കാല പരിശോധനമാത്രമേ അംഗീകരിക്കൂ എന്നുമാണ് മില്ലുടമകളുടെ നിലപാട്.

വ്യവസ്ഥകളില്‍ വ്യക്തതയില്ല

നെല്ലെടുപ്പുമായി ബന്ധപ്പെട്ട് സപ്ലൈകോ പറയുന്ന മാനദണ്ഡങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പലസ്ഥലത്തും നെല്ലെടുക്കുന്നതിന് പലമാനദണ്ഡങ്ങളാണ്. വ്യവസ്ഥകളില്‍ വ്യക്തത വരുന്നതുവരെ നെല്ലെടുപ്പുമായി സഹകരിക്കില്ല.- വര്‍ക്കി പീറ്റര്‍, കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി.