ആലപ്പുഴ: തോമസ്ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട സ്ഥിതിയിലാക്കിയെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനെത്തിയതായിരുന്നു അദ്ദേഹം.

ശനിയാഴ്ച വൈകീട്ട് ജനറല്‍ ആശുപത്രിയിലെത്തി പ്രവര്‍ത്തകരെ കണ്ടു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുക്കാതെ കാലതാമസം വരുത്തുന്നത് സര്‍ക്കാരിന് തിരിച്ചടികളുണ്ടാക്കി. സര്‍ക്കാര്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നടപടി ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്. ഇവര്‍ക്ക് കാലം മറുപടിനല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രൂരമായ നടപടിയാണ് പോലീസില്‍നിന്ന് നേരിടേണ്ടിവന്നതെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.