ഹരിപ്പാട്: വാര്‍ധക്യത്തിന്റെ അവശതകളില്‍ ഒറ്റപ്പെട്ടുപോയ മീനാക്ഷിയമ്മാളിന് (72) ഇനി ആയാപറമ്പിലെ സ്‌നേഹവീട് അഭയമാകും. ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ഇടപെടലാണ് കരുവാറ്റ വടക്ക് പുത്തന്‍കണ്ടത്തില്‍ മീനാക്ഷിയമ്മാളിന് തുണയായത്.

മീനാക്ഷിയമ്മാളിന്റെ ഭര്‍ത്താവ് 30 വര്‍ഷം മുന്‍പ് മരിച്ചു. പിന്നീട് ഒറ്റയ്ക്കായിരുന്നു താമസം. രണ്ടുസെന്റിലുള്ള ചെറിയ കുടിലാണ് മീനാക്ഷിയമ്മാളിന്റേത്. ഒറ്റയ്ക്കായിരുന്നെങ്കിലും ജോലിചെയ്ത് അഭിമാനത്തോടെയായിരുന്നു ജീവിതം. പപ്പടം തയ്യാറാക്കി വിറ്റുകിട്ടുന്ന വരുമാനമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. അടുത്തിടെയായി ജോലിചെയ്യാന്‍ കഴിയാതെ വന്നു.

രണ്ടുമാസം മുന്‍പ് തീരെ വയ്യാതായി. മീനാക്ഷിയമ്മാളിന്റെ കഷ്ടപ്പാടുകള്‍ ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് മുന്നില്‍ പരാതിയായെത്തി. ഇത് പരിഗണിച്ചാണ് മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡോണി തോമസ് വര്‍ഗീസ് ഇവരുടെ സംരക്ഷണച്ചുമതല ആയാപറമ്പിലെ ഗാന്ധിഭവന്‍ സ്‌നേഹവീട് ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്.

സ്‌നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീര്‍, പ്രവര്‍ത്തകന്‍ രതീഷ് എന്നിവര്‍ ചേര്‍ന്ന് നിയമപ്രകാരം മീനാക്ഷിയമ്മാളിന്റെ സംരക്ഷണം ഏറ്റെടുത്തു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി ബി.പ്രസാദ്, റഷീദ് എന്നിവരുടെ സാന്നിധ്യത്തില്‍ ഹരിപ്പാട് കോടതിയില്‍നിന്നാണ് ഏറ്റെടുത്തത്.