മാവേലിക്കര: താലൂക്ക് സഹകരണബാങ്കിലെ കോടികളുടെ വെട്ടിപ്പില്‍ പ്രതികളായ ഉദ്യോഗസ്ഥരെയും കോണ്‍ഗ്രസ് നേതാക്കളെയും അടിന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം. ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പണാപഹരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ത്തന്നെ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ ജോയിന്റ് രജിസ്ട്രാര്‍ നിയോഗിച്ച സംഘം നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരും ബാങ്കിന്റെ ബോര്‍ഡംഗങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. സി.പി.എം. ഈ ആവശ്യം ഉന്നയിച്ച് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെയുള്ള നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍മാത്രം നയിച്ചിരുന്നതാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്. ബാങ്കിലെ അഴിമതിയുടെ തെളിവുകള്‍ തങ്ങള്‍ക്കെതിരേ വരുന്നുവെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. സി.പി.എമ്മിന്റെകൂടി ആവശ്യം പരിഗണിച്ചാണ് പിണറായി സര്‍ക്കാര്‍ അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. സി.പി.എം. സഹായിക്കുന്നു എന്നാരോപിക്കപ്പെടുന്ന വ്യക്തിയെത്തന്നെയാണ് ക്രൈംബ്രാഞ്ച് ആദ്യം അറസ്റ്റ് ചെയ്തത്. ഇതോടുകൂടി ഈ കള്ളപ്രചാരണത്തിന്റെ മുനയൊടിഞ്ഞു. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനുമുള്ള കള്ളപ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും സി.പി.എം. ഏരിയ കമ്മിറ്റി അറിയിച്ചു.