മാന്നാര്‍: പാടശേഖരത്തില്‍നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിനെച്ചൊല്ലി ചെന്നിത്തലയില്‍ തര്‍ക്കം. ലോഡ് കയറ്റിയ ലോറിയുടെ ടയര്‍ സി.പി.എം. തൃപ്പെരുന്തുറ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ കുത്തിക്കീറി.

ചെന്നിത്തല പാടശേഖരത്തില്‍ മൂന്നാം ബ്ലോക്കില്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സി.പി.എം. ലോക്കല്‍ സെക്രട്ടറി ഡി.ഫിലേന്ദ്രന്‍, കെ.എസ്.കെ.ടി.യു. യൂണിറ്റ് പ്രസിഡന്റ് കെ.സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടയര്‍ കുത്തിക്കീറിയത്. ഫിലേന്ദ്രനും സോമനും ഉള്‍പ്പെടുന്ന 47 തൊഴിലാളികളാണ് ഇവിടെ ലോറിയില്‍ ലോഡ് കയറ്റിക്കൊണ്ടിരുന്നത്. വൈകുന്നേരത്തോടെ ഒന്നാം ബ്ലോക്കിലെ നെല്ല് ലോറിയില്‍ കയറ്റി. തുടര്‍ന്ന് മൂന്നാം ബ്ലോക്കിലെ നെല്ല് ലോറിയില്‍ കയറ്റുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 19പേര്‍ മറ്റുള്ളവര്‍ ഇറക്കിക്കൊള്ളാന്‍ പറഞ്ഞിട്ട് അവിടെനിന്നുപോയി.
 
തുടര്‍ന്ന് 28പേര്‍ ലോഡ് കയറ്റി. മൂന്നൂറ്റിയമ്പതോളം ചാക്ക് നെല്ല് ലോറിയില്‍ കയറ്റിക്കഴിഞ്ഞപ്പോള്‍ ലോഡ് ഇറക്കാന്‍ തയ്യാറാകാതെ പോയവര്‍ തിരികെയെത്തി മറ്റുള്ളവരുമായി തര്‍ക്കം ഉണ്ടാവുകയും ടയര്‍ കുത്തിക്കീറുകയും ചെയ്തു. മൂന്നുപേര്‍ക്ക് മര്‍ദനമേറ്റതായി തൊഴിലാളികള്‍ പറഞ്ഞു. വിവരമറിഞ്ഞ് രാത്രി 12 മണിയോടെ പോലീസ് എത്തിയെങ്കിലും സ്റ്റെപ്പിനി ടയര്‍ ഇട്ട് പൊയ്‌ക്കൊള്ളാന്‍ ലോറിജീവനക്കാരോട് നിര്‍ദേശിച്ചിട്ട് മടങ്ങുക മാത്രമാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ സി.പി.എം.നേതാക്കളായ കെ.നാരായണപിള്ള, ജിനു ജോര്‍ജ് എന്നിവരെത്തി ലോറിയുടമയുമായും തൊഴിലാളികളുമായി ചര്‍ച്ച നടത്തി.

ലോഡിങ്ങിനെ എതിര്‍ത്ത തൊഴിലാളികള്‍ ചേര്‍ന്ന് ടയറിന്റെ വിലയായി 21,000 രൂപ നല്‍കി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍, ഇവിടെ ചെറിയൊരു തര്‍ക്കം മാത്രമേ നടന്നുള്ളൂവെന്നും ടയര്‍ ആരും കുത്തിക്കീറിയില്ലെന്നും ലോക്കല്‍ സെക്രട്ടറി ഫിലേന്ദ്രന്‍ പറഞ്ഞു.