മങ്കൊമ്പ്: കുട്ടനാട്ടില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ്. അവയ്ക്കിടയില്‍ കുട്ടനാടന്‍ രുചികള്‍ തേടുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടന്‍. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന പടത്തിന്റെ ചിത്രീകരണമാണ് കുട്ടനാട്ടില്‍ പുരോഗമിക്കുന്നത്.
ചിത്രീകരണത്തിനിടയിലും കുട്ടനാടന്‍രുചികള്‍ ആസ്വദിക്കാന്‍ മോഹന്‍ലാല്‍ മറന്നില്ല. ഷൂട്ടിങ്ങിനിടയില്‍ ഒരു നിര്‍ബന്ധം മാത്രം ലാലേട്ടനുണ്ടായിരുന്നു, മടങ്ങും മുമ്പ് കുട്ടനാടിന്റെ മത്സ്യവിഭവങ്ങള്‍ രുചിക്കണമെന്ന്.
എല്ലാവരും കരിമീനും കൊഞ്ചും രുചിക്കാന്‍ താത്പര്യപ്പെടുമ്പോള്‍ ലാലേട്ടന് ചെറുമീനുകളോടായിരുന്നു താത്പര്യം. കാരിയും വരാലും ചെമ്പല്ലിയുമെല്ലാം തീന്‍മേശയ്ക്ക് മുമ്പില്‍ നിരത്തിയപ്പോള്‍ അവ രുചിക്കുന്നതിലും ഒരു കലയുണ്ടെന്നായിരുന്നു സെറ്റിലെ അംഗങ്ങളുടെ ഭാഷ്യം.
കഴിഞ്ഞദിവസം ഷൂട്ടിങ്ങിനിടയില്‍ മോഹന്‍ലാലിനെ കാണാനായി പ്രായമായ ഒരു സ്ത്രീ എത്തിയിരുന്നു. ഇഷ്ടനടനെ കണാനെത്തിയ അവര്‍ വറുത്തരച്ച കൊഞ്ചുകറി കൈയില്‍ കരുതിയിരുന്നു. അതു രുചിച്ചശേഷം ഒപ്പംനിന്ന് ഒരു ഫോട്ടോയും എടുപ്പിച്ചാണ് ലാലേട്ടന്‍ അവരെ യാത്രയാക്കിയത്.
മോഹന്‍ലാല്‍, ഉലഹന്നാന്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മീനയാണ്. ആനിയമ്മ എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ഗാനരംഗത്തിന്റെ ചിത്രീകരണമാണ് കഴിഞ്ഞദിവസം കുട്ടനാട്ടില്‍ നടന്നത്.
വരുംദിവസങ്ങളില്‍ നെടുമുടി, കൈനകരി, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിനുശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍.
എം.സിന്ധുരാജിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മിക്കുന്നത്.
കുട്ടനാട്ടിലെ ചിത്രീകരണം മൂന്നിന് അവസാനിക്കുമെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായ അബി ആലപ്പുഴ പറഞ്ഞു.