ചെങ്ങന്നൂര്‍: എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പര്യടനത്തിന്റെ തിരക്കിലായിരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച തുടങ്ങും.

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ അറന്തക്കാട് നിന്നാണ് പര്യടനം തുടങ്ങിയത്. കെ.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉടയാമുറ്റം, താഴാംഭാഗം, പാലനില്‍ക്കുന്നതില്‍ കോളനി, ഉഴുന്നുമല, കാരയ്ക്കാട് കവല, മുടിക്കുന്ന്, തുമ്പിനാല്‍, കൊടയ്ക്കാമരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി.

മന്ത്രി ജി.സുധാകരന്‍, എം.സ്വരാജ് എം.എല്‍.എ. തുടങ്ങിയവര്‍ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു.

യു.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പാണ്ടനാട് മാടവനയില്‍നിന്ന് പര്യടനം തുടങ്ങി. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. കളീക്കല്‍പടി, മുള്ളേലില്‍പടി, പുത്തേടത്ത് പടി തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.എം.സുധീരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥി പര്യടനം ശനിയാഴ്ച തുടങ്ങും. വെണ്‍മണി പൊയ്കമുക്കില്‍നിന്ന് സുരേഷ്‌ഗോപി എം.പി. ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ബുധനൂര്‍ പെരിങ്ങിലിപ്പുറം ഭാഗത്ത് ശ്രീധരന്‍പിള്ള ഭവനസന്ദര്‍ശനം നടത്തി. ചെറിയനാട്, പാണ്ടനാട്, ചെന്നിത്തല പഞ്ചായത്തുകളില്‍ എന്‍.ഡി.എ. കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.

കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.