കായംകുളം: നിലത്ത് ചമ്രംപടിഞ്ഞിരുന്ന് പണിയിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍. ഉച്ചവെയില്‍ കൂസാതെയുള്ള നിര്‍മാണജോലിക്കിടയില്‍ മേലാകെ മണ്ണും ചെളിയും മെഴുകുമൊന്നും പുരണ്ടതറിയുന്നില്ല. ചിലര്‍ സ്റ്റൗവില്‍ പാത്രം വച്ച് മെഴുക് ഉരുക്കിയെടുക്കുന്നു. പപ്പായത്തണ്ടില്‍ അത് കോരിയൊഴിച്ച് മെഴുകുതിരിയാക്കുന്നു. ചിലര്‍ വര്‍ണച്ചോക്കുകളും ചന്ദനത്തിരിയും ഉണ്ടാക്കുന്നു. കുറേപ്പേര്‍ പോഷകസമ്പന്നമായ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്നു.

അനേകം കുട്ടികള്‍ വേറേ വസ്തുക്കള്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. കായംകുളം ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയിലെ തത്സമയനിര്‍മാണ മത്സരമാണ് രംഗം. പ്രവൃത്തിപരിചയമേളയില്‍ 2638 കുട്ടികള്‍ പങ്കെടുത്തു.

കളിമണ്ണ്, മെഴുക്, പ്ലാസ്റ്റര്‍ ഓഫ് പാരീസ് എന്നിവ ഉപയോഗിച്ചുള്ള നിര്‍മാണം, മരപ്പണി, തടിയിലെ കൊത്തുപണി, പനയോല, പുല്ല്, ഈറ്റ, കയര്‍ എന്നിവയുപയോഗിച്ചുള്ള നെയ്ത്ത്, കുട്ട, വട്ടിനിര്‍മാണം എന്നിവയുമായി മൂന്നുമണിക്കൂര്‍ നീണ്ട മത്സരങ്ങള്‍. കൗതുകവസ്തുക്കളുണ്ടാക്കല്‍, വര്‍ണനൂലുകളും നേരിയ കമ്പികളും ഉപയോഗിച്ചുള്ള മാതൃകകള്‍ ഉണ്ടാക്കല്‍, അലങ്കാരത്തയ്യല്‍, തുണിയില്‍ ചിത്രരചന, വൈദ്യുതോപകരണ നിര്‍മാണം, വര്‍ണക്കടലാസുകൊണ്ടുള്ള പൂക്കള്‍, പാവനിര്‍മാണം, പാഴ്വസ്തുക്കള്‍ കൊണ്ടുള്ള കൗതുകവസ്തുക്കളുണ്ടാക്കല്‍, പാചകം എന്നിവയുമുണ്ടായിരുന്നു.

കുട്ടികളുടെ പ്രതിഭയും കരവിരുതും സൗന്ദര്യബോധവും വിളിച്ചോതുന്നവയായിരുന്നു നിര്‍മാണോത്പന്നങ്ങള്‍. പാചകത്തില്‍ കുട്ടികളുടെ പുതിയ പരീക്ഷണങ്ങള്‍ അധികമുണ്ടായില്ല.

മരച്ചീനി, ചേമ്പ്, കാച്ചില്‍ പുഴുക്ക്, മുട്ടത്തോരന്‍, മീന്‍കറി, ഇലക്കറികള്‍, സ്‌ക്വാഷ്, അച്ചാര്‍ എന്നിവയായിരുന്നു മിക്കവരും ഉണ്ടാക്കിയത്. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ മേള ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമിലാ അനിമോന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി.ലതിക സ്വാഗതവും അനസ് എം.അഷറഫ് നന്ദിയും പറഞ്ഞു.