കായംകുളം: തടിയില്‍ പൂക്കള്‍ വിരിയിക്കുന്ന തിരക്കിലാണ് ജ്യോത്സ്‌നയും സജ്‌നാദേവിയും. മരപ്പണിയും കൊത്തുപണിയും ആണുങ്ങള്‍ക്ക് മാത്രമല്ല വഴങ്ങുന്നതെന്ന് ഈ പെണ്‍കുട്ടികള്‍ തെളിയിച്ചു.

റവന്യൂ ജില്ലാ സ്‌കൂള്‍ പ്രവൃത്തിമേളയില്‍ തടിയിലെ കൊത്തുപണി മത്സരമാണ് രംഗം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏകവനിതാ മത്സരാര്‍ഥിയാണ് തുറവൂര്‍ കോടംതുരുത്ത് ഗവ. വി.വി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി ജ്യോത്സ്‌ന.

ഹൈസ്‌കൂള്‍വിഭാഗത്തില്‍ മത്സരത്തിനെത്തിയ പെണ്‍കുട്ടിയാണ് വെളിയനാട് എന്‍.എസ്.എസ്.ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ടി.എസ്.സജ്‌നാദേവി. മൂന്നുമണിക്കൂര്‍ നീണ്ട മത്സരം കഴിഞ്ഞപ്പോള്‍ ഇരുവരുടെയും കൈയിലുണ്ടായിരുന്ന തടിപ്പലകയില്‍ മനോഹരമായ പൂക്കള്‍ വിരിഞ്ഞു. തടി ഉരുപ്പടികള്‍ നിര്‍മിക്കുന്ന മരപ്പണി മത്സരത്തിലും രണ്ട് പെണ്‍കുട്ടികള്‍ മാറ്റുരച്ചു.

പൊത്തപ്പള്ളി എല്‍.പി.സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി എസ്.വിസ്മയ, മാവേലിക്കര പുതിയകാവ് എ.ഒ.എം.എം.എല്‍.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജ്വാലാരാജ് എന്നിവരാണ് മത്സരിച്ചത്. മേശ, ബഞ്ച്, ദിവാന്‍കോട്ട്, കാരംസ് ബോര്‍ഡ് എന്നിവയാണ് ഇവര്‍ നിര്‍മിച്ചത്. പെണ്‍കുട്ടികള്‍ തടിയില്‍ ഉളികൊത്തി ആണ്‍കുട്ടിക്കൊപ്പം മുന്നേറുന്നത് കാണാന്‍ കാഴ്ചക്കാരും ഏറെയായിരുന്നു.