ഹരിപ്പാട്: കടലില്‍ മത്സ്യക്ഷാമം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍. ഒന്നരമാസമായി ജില്ലയിലെ ഭൂരിഭാഗം വള്ളങ്ങളും കടലില്‍ ഇറക്കുന്നില്ല. ഇറങ്ങുന്നവര്‍ക്ക് ചെലവുകാശുപോലും കിട്ടുന്നില്ല.
ചൂടവലയുള്ളവര്‍ നീണ്ടകര തുറമുഖത്തുനിന്നും കടലില്‍ പോകുന്നുണ്ട്. ഇവര്‍ക്ക് പേരിനു മീന്‍ കിട്ടുന്നുണ്ടെങ്കിലും നഷ്ടമാണ്. തെര്‍മോക്കോള്‍ വള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ക്കും നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. വലിയഴീക്കല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, പുറക്കാട് മേഖലകളിലെല്ലാം തൊഴിലാളികള്‍ ബുദ്ധിമുട്ടുകയാണ്.
2004ലെ സുനാമിക്കുശേഷം കടലിലുണ്ടാകുന്ന അസാധാരണ പ്രതിഭാസങ്ങളാലാണ് മത്സ്യലഭ്യത കുറയുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. അയലയും മത്തിയും സുലഭമായി കിട്ടേണ്ട സീസണലില്‍ കൊഴുവയാണ് പേരിനെങ്കിലും കിട്ടുന്നത്.
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളില്‍നിന്ന് തൊഴിലാളികള്‍ മിനി വാനുകളിലാണ് നീണ്ടകരയില്‍ പോകുന്നത്. ഇന്ധനച്ചെലവിനൊപ്പം യാത്രക്കൂലി ഇനത്തിലും വന്‍ തുക ചെലവാകും. തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മേഖലകളില്‍ തെര്‍മോക്കോള്‍ വള്ളങ്ങളില്‍ കടലില്‍ പോകുന്നവരുണ്ട്. കടലില്‍ പോകാത്ത വള്ളങ്ങളിലെ തൊഴിലാളികളാണ് സാഹസിക മത്സ്യബന്ധനത്തിനിറങ്ങുന്നത്. ഒരാള്‍ കയറുന്ന തെര്‍മോക്കോള്‍ വള്ളങ്ങളില്‍ രണ്ട് കിലോമീറ്ററോളം തുഴഞ്ഞുപോയാണ് ഇവര്‍ മീന്‍ പിടിക്കുന്നത്.
മുന്‍പ് തെര്‍മോക്കോള്‍ വള്ളക്കാര്‍ക്ക് തീരത്തുതന്നെ മീന്‍ വില്‍ക്കാമായിരുന്നു. ഇങ്ങനെ കടലില്‍ പോകുന്നവരുടെ എണ്ണം കൂടിയതിനാല്‍ വില്പന വെല്ലുവിളിയായി. ഇതോടെ തൊഴിലാളികള്‍ വലയുമായി ദേശീയപാതയോരത്തും മറ്റും എത്തുകയാണ്. മണിക്കൂറുകളോളം കടലില്‍ ഇറങ്ങി മീന്‍പിടിച്ചവര്‍ അത് വില്‍ക്കാനും ഏറെ ബുദ്ധിമുട്ടുന്നു. മത്സ്യക്ഷാമംമൂലം പട്ടിണിയിലായ തൊഴിലാളികള്‍ മറ്റ് ജോലികള്‍ക്ക് ഇറങ്ങുകയാണ്.