ഹരിപ്പാട്: ആയിരക്കണക്കിന് ദീപങ്ങള്‍ക്ക് തെളിഞ്ഞ പുണര്‍ത സന്ധ്യയില്‍ മഹാദീപക്കാഴ്ചയോടെ മണ്ണാറശാലയില്‍ ആയില്യം ഉത്സവം തുടങ്ങി. ഇനി രണ്ട് നാള്‍ മണ്ണാറശാല കാവില്‍ വിശ്വാസതീവ്രതയുടെ പൂക്കാലമാണ്. നാഗദൈവങ്ങള്‍ക്കുമുന്‍പില്‍ സങ്കടങ്ങള്‍ നടയ്ക്കുവയ്ക്കാന്‍ ഭക്തര്‍ കൂട്ടമായെത്തും. ഉപ്പും മഞ്ഞളും പുറ്റും മുട്ടയും സര്‍പ്പയക്ഷിയ്ക്കും നാഗരാജാവിനും സമര്‍പ്പിക്കും. സന്തതി പരമ്പരകളുടെ രക്ഷയ്ക്കായി മനമുരുകി പ്രാര്‍ഥിക്കും.

നാഗരാജാവിന്റെ നിത്യോപാസക മണ്ണാറശാല വലിയമ്മയുടെ ദര്‍ശനം ഭക്തര്‍ക്ക് പുണ്യം പകരുന്നതാണ്. തലമുറകളായി കൈമാറിവരുന്നതാണ് വലിയമ്മയെന്ന പുണ്യജീവിതം. മണ്ണാറശാലയിലെ മുതിര്‍ന്ന അംഗത്തിന്റെ വേളി വലിയമ്മയാകും. പിന്നീട് അവര്‍ കുടുംബത്തിന്റെ മാത്രമല്ല നാഗരാജാവിന്റെയും ഭക്തജനലക്ഷങ്ങളുടെയും വലിയമ്മയാണ്. സങ്കടങ്ങള്‍ വലിയമ്മയുടെ മുന്നില്‍ പറഞ്ഞാല്‍ മതി. ഒരുനിമിഷത്തെ മൗനപ്രാര്‍ഥന. എല്ലാം ശരിയാകുമെന്ന ഒറ്റവാക്ക്. അതില്‍ മനംനിറഞ്ഞ് മടങ്ങുന്നത് ആയിരങ്ങളാണ്. പ്രായം തളര്‍ത്താത്ത മനക്കരുത്തോടെ മണ്ണാറശാലയില്‍ ഉമാദേവി അന്തര്‍ജനം ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നു.

പുണര്‍തസന്ധ്യയില്‍ മണ്ണാറശാല കാരണവര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മഹാദീപക്കാഴ്ചയ്ക്ക് ദീപം തെളിച്ചത്. അമ്പലനടയില്‍ പരമേശ്വരന്‍ നമ്പൂതിരി കൊളുത്തിയ ദീപം നിമിഷങ്ങള്‍ക്കകം ഭക്തജനങ്ങളുടെ കൈകളിലെത്തി. ഒന്നില്‍ നിന്നൊന്നായി ദീപനാളങ്ങള്‍ പടര്‍ന്നു. മണ്ണാറശാല കാവിനെ ചുറ്റി പടിഞ്ഞാറ്, തെക്ക് നടകളിലും ദീപങ്ങള്‍ തെളിഞ്ഞു. വിളക്ക് തെളിക്കാന്‍ കൊച്ചുകുട്ടികളുമുണ്ടായിരുന്നു.