ചര്‍ത്തല: തീരത്തു പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്കു വറുതിക്കാലം. കടല്‍ ക്ഷോഭമാണ് പ്രധാനകാരണം. ഇറക്കിയ വള്ളങ്ങള്‍ക്കു ചെലവുകാശുപോലും തിരികെ കിട്ടാത്തസ്ഥിതിയാണ്. ജില്ലയില്‍ വള്ളങ്ങള്‍ ഇറക്കുന്ന തീരങ്ങളെല്ലാം കടലെടുത്തിരുന്നു.

വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ ചെല്ലാനം, കൊച്ചി ഹാര്‍ബറുകളില്‍ വള്ളം എത്തിച്ചാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞദിവസങ്ങളില്‍ കടല്‍ക്ഷോഭത്തെ വെല്ലുവിളിച്ചു കടലിലിറങ്ങിയവര്‍ക്കും കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല. രണ്ടു ദിവസം മുതലാണ് ചെറുതായെങ്കിലും വള്ളം കടലിലിറക്കി തുടങ്ങിയത്.

വെള്ളച്ചൂടനും നത്തോലിയും ഒന്നോരണ്ടോ കുട്ട വീതമാണ് ലഭിച്ചത്. ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളിലുള്ള 15 പേര്‍വരെ ജോലിചെയ്യുന്ന ഒരു ഡക്കുവള്ളം ചെല്ലാനം ഹാര്‍ബറിലിറക്കണമെങ്കില്‍ ശരാശരി ചെലവ് 6000വരെയാണ്.

30-35 പേര്‍ ജോലിചെയ്യുന്ന ഡിസ്‌കോ വള്ളമാണെങ്കില്‍ ചെലവ് ഇരട്ടിയും കഴിയും. ഇത്രയുമാകുമ്പോള്‍ ഒന്നോരണ്ടോ കുട്ട മത്സ്യം കിട്ടിയാല്‍ തൊഴിലാളികള്‍ക്കു വന്‍നഷ്ടമാണുണ്ടാകുന്നത്. ജില്ലയില്‍നിന്നുള്ള തൊഴിലാളികള്‍ വാഹനങ്ങളിലാണ് ദിവസേന ഹാര്‍ബറുകളിലെത്തിക്കുന്നത്. ഇതിനു ചെലവേറെയാണ്.

കടലിളകിമറിഞ്ഞാലെ തീരത്തേക്കു മത്സ്യങ്ങള്‍ എത്തുകയുള്ളുവെന്ന് മത്സ്യതൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.)നേതാവ് ജോയി സി.കമ്പക്കാരന്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ കടലിളകുന്ന പ്രതിഭാസം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.