ഹരിപ്പാട്: പാട്ടെഴുത്തിന്റെ പുതുവഴികള്‍ ചര്‍ച്ചചെയ്യുന്ന ചലച്ചിത്രഗാനരചനാ ശില്പശാല പല്ലന കുമാരകോടിയില്‍ തുടങ്ങി. പുതിയ എഴുത്തുകാരെ സിനിമാപ്പാട്ടിന്റെ സങ്കേതങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പല്ലന കുമാരനാശാന്‍ സ്മാരകസമിതിയും മലയാളം സിനി ടെക്‌നീഷന്‍സ് അസോസിയേഷനും (മാക്ട) ചേര്‍ന്നാണ് മൂന്നുദിവസംനീളുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം സമാപിക്കും.

കുമാരനാശാന്‍ സ്മാരക സമിതി ഓഡിറ്റോറിയമാണ് വേദി. പാട്ടെഴുതിത്തുടങ്ങിയവരും എഴുതിത്തെളിഞ്ഞവരുമുണ്ട്,

അക്ഷരങ്ങളും ആശയങ്ങളും തേച്ചുമിനുക്കി പുത്തന്‍പാട്ടുകളൊരുക്കാന്‍.

സിനിമയില്‍ പാട്ടുകള്‍ ഒഴിച്ചുകൂടാനാകാത്തതാണെന്ന് ആദ്യകാലത്ത് തോന്നിയിരുന്നില്ലെന്ന് ഉദ്ഘാടനം നിര്‍വഹിച്ച സിബി മലയില്‍ പറഞ്ഞു. ആകാശദൂതും ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയുമെല്ലാം പാട്ടിന്റെ പ്രസക്തി ഓര്‍മപ്പെടുത്തി. 'രാപ്പാടി കേഴുന്നുവോ...' എന്നുതുടങ്ങുന്ന ആകാശദൂതിലെ പാട്ട് കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുതുളുമ്പിപ്പോകുമെന്ന് പറയുന്നവരുണ്ട്.

ആ വരികളില്‍ സിനിമയുടെ കഥതന്നെയാണ് നിറയുന്നത്. ഈണമിട്ടശേഷമാണ് ഒ.എന്‍.വി. പാട്ടെഴുതിയത്. പാട്ടോ ഈണമോ ഏതാണ് ആദ്യമുണ്ടാകേണ്ടതെന്ന തര്‍ക്കം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, നല്ല ഈണവും നല്ല പാട്ടും നന്നാകുമെന്നാണ് അനുഭവം- സിബി മലയില്‍ പറഞ്ഞു.

ഈണത്തിനൊപ്പം പാട്ടെഴുതുന്ന രീതിയാണ് മലയാളസിനിമയിലുള്ളതെന്ന് ക്ലാസ് നയിച്ച ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ പറഞ്ഞു. പുതിയ എഴുത്തുകാര്‍ ആ രീതി പരിചയിക്കുകതന്നെ വേണം. സിനിമയുടെ കഥയുമായി അടുത്തുനില്‍ക്കുന്നതായിരിക്കണം പാട്ടുകളെന്നത് പരമ്പരാഗത കാഴ്ച്ചപ്പാടാണ്. പലപ്പോഴും സിനിമയ്ക്ക് അപ്പുറം വിശാലമായ ലോകവീക്ഷണവും തത്ത്വചിന്തയുമെല്ലാം പാട്ടുകളില്‍ കടന്നുവരാം. ഇത്തരം പാട്ടുകള്‍ സിനിമയില്‍ കൃത്യമായി നട്ടുപിടിപ്പിക്കാന്‍ സംവിധായകന്‍ തയ്യാറാകണം. ഉദാഹരണത്തിന്

'അദ്വൈതം ജനിച്ച നാട്ടില്‍, ആദിശങ്കരന്‍ ജനിച്ച നാട്ടില്‍...' എന്ന ഗാനത്തിന് സിനിമയിലെ കഥയുമായി നേരിട്ട് ബന്ധമില്ലെങ്കിലും പാട്ട് സൂപ്പര്‍ ഹിറ്റായി- രാജീവ് ആലുങ്കല്‍ പറഞ്ഞു.

സംവിധായകന്‍ ലാല്‍ ജോസ് അധ്യക്ഷനായി. അനില്‍ പനച്ചൂരാന്‍, ഷാജൂണ്‍ കാര്യാല്‍, ചെറിയാന്‍ കല്‍പ്പകവാടി, പ്രൊഫ. ഖാന്‍, രാമപുരം ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.കൈതപ്രം, ഷിബു ചക്രവര്‍ത്തി, മോഹന്‍ സിതാര, കമല്‍, ഗോപി സുന്ദര്‍, ബിജിപാല്‍ തുടങ്ങിയവര്‍ ഞായറാഴ്ച ശില്പശാലയില്‍ ക്ലാസ് നയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.