ചെങ്ങന്നൂര്‍: ഒന്നരമാസം മുന്‍പാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നില്‍ ഓടപണിയാന്‍ പൊതുമരാമത്തുവകുപ്പ് കുഴിയെടുത്തത്. മഴയത്ത് മലിനജലം ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാതെ ഒഴികിപ്പോകാന്‍വേണ്ടിയായിരുന്നു ഓടനിര്‍മാണം.

ക്ഷേത്രത്തിന് ഏറെ പ്രയോജനപ്പെട്ടേക്കാവുന്ന ഓടപണി ദേവസ്വം ബോര്‍ഡ് ഇടപെട്ട് നിര്‍ത്തിവെച്ചു. ഇപ്പോള്‍ ക്ഷേത്രത്തിന് മുന്നില്‍ വളവിന്റെ തുടക്കത്തില്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന കുഴി അവശേഷിക്കുന്നു. മാത്രമല്ല, മഴപെയ്താല്‍ വെള്ളം ഒഴുകി ക്ഷേത്രത്തിനുള്ളില്‍ കയറും. സ്ഥലം തങ്ങളുടേതാണെന്ന് ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടതോടെയാണ് പണിനിര്‍ത്തിയതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്ഥലം കൈയേറി ഓടപണിയുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ദേവസ്വം ഈ നിലപാട് എടുത്തത്.
 
എന്നാല്‍, ബോര്‍ഡിന്റെ പ്രതിനിധികള്‍കൂടിയുള്ള ശബരിമല അവലോകനയോഗത്തിലാണ് ഓടപണിയാന്‍ തീരുമാനമെടുത്തത്. എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രത്തിലേക്ക് മലിനജലം ഒഴുകുന്നെന്ന ഭക്തസംഘടനകളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. കുഴിയെടുത്തിരിക്കുന്നതുകൊണ്ട് സമീപത്ത് താമസിക്കുന്ന വീട്ടുകാരും ബുദ്ധിമുട്ടിലാണ്. ഒന്നരമാസമായി ക്ഷേത്രത്തിന് മുന്നില്‍ താമസിക്കുന്നവര്‍ക്ക് വാഹനം പുറത്തിറക്കാന്‍ സാധിക്കുന്നില്ല. സമീപത്തുതന്നെയുള്ള കിഴക്കേനട യു.പി.സ്‌കൂളില്‍ അവധിക്കാല ക്ലാസുകള്‍ നടക്കുന്നു.

കുട്ടികള്‍ ഓടയില്‍ വീണ് അപകടംപറ്റാന്‍ സാധ്യത വളരെ കൂടുതലാണ്. തിങ്കളാഴ്ച തൃപ്പൂത്താറാട്ട് നടക്കുമ്പോള്‍ തിരക്കില്‍പ്പെട്ട് കുഴിയില്‍ വീണ് ഭക്തര്‍ക്ക് അപകടംപിണയാനും സാധ്യതയുണ്ട്. ഒന്‍പതുലക്ഷം രൂപ ചെലവില്‍ 145 മീറ്റര്‍ നീളത്തിലാണ് ഓട നിര്‍മിക്കേണ്ടത്. 25 മീറ്റര്‍ നീളത്തിലുള്ള ഒരു ചപ്പാത്തും ഇതോടൊപ്പം പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്. എന്നാല്‍, ഓടയ്ക്കായി കുഴിയെടുത്ത് രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും പണി നിര്‍ത്തി.

ദേവസ്വംഭൂമി കൈയേറിയെന്ന പരാതിയെത്തുടര്‍ന്നാണ് പണി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദേവസ്വം എ.ഒ. അശോകകുമാര്‍ പറഞ്ഞു. സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ബോര്‍ഡിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വംബോര്‍ഡില്‍നിന്ന് അനുമതി ലഭിച്ചാല്‍ ഓടനിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ.ബാബു പറഞ്ഞു.