ചേര്‍ത്തല: നാടിന്റെ പ്രാര്‍ഥനകള്‍ക്കൊപ്പം വാസന്തിയുടെ നിശ്ചയദാര്‍ഢ്യവുമായപ്പോള്‍ ചൈനയില്‍ ചേര്‍ത്തലയ്ക്കു വെങ്കലത്തിളക്കം. ചൈനയിലെ റുഗാവോ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ട് വെങ്കലമെഡലുകള്‍ നേടിയാണ് അറുപത്തെട്ടുകാരിയായ വാസന്തി ചേര്‍ത്തലയുടെ അഭിമാനം കാത്തത്.

ഏറെ പ്രതിസന്ധികള്‍ കടന്നായിരുന്നു വാസന്തിയുടെ ചൈന യാത്ര. യാത്രമുടങ്ങുമെന്ന ഘട്ടത്തില്‍ നാടിന്റെ സഹായത്തിലായിരുന്നു യാത്ര. ചേര്‍ത്തല ടൗണ്‍ റോട്ടറിക്ലബ്, ചേര്‍ത്തല നഗരസഭ, വാരനാട് സഹകരണ ബാങ്ക്, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സഹായിച്ചിരുന്നു. അഞ്ചു കിലോമീറ്റര്‍ നടത്തത്തിലും 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസിലുമാണ് മെഡല്‍നേടിയത്.

4x400 മീറ്റര്‍ റിലേയില്‍ അഞ്ചാം സ്ഥാനം നേടി ലോകമീറ്റിന് അര്‍ഹതയും നേടി. 65 വയസ്സിനു മുകളില്‍ പ്രായമുള്ള വിഭാഗത്തിലായിരുന്നു മത്സരം. മീറ്റില്‍ കേരളത്തില്‍നിന്ന് 31 പേരാണ് പങ്കെടുത്തത്. ചേര്‍ത്തല വാരനാട് തെക്കേവെളി വാസന്തി ഇതിനുമുന്‍പും നിരവധി മീറ്റുകളില്‍ മികവുകാട്ടിയിട്ടുണ്ട്.