ചേര്‍ത്തല: വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ഓണം കലാമേളയ്ക്ക് ചേര്‍ത്തലയില്‍ തുടക്കമായി. സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേള നടത്തുന്നത്. വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായ 500 ഓളം തൊഴിലാളികളാണ് രണ്ടു ദിവസത്തെ മേളയില്‍ മത്സരിക്കുന്നത്.

പ്രധാനവേദിയായ ചേര്‍ത്തല എസ്.എന്‍.എം.ജി.ബി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ കലാമേള ഉദ്ഘാടനം ചെയ്തു. സ്വാര്‍ഥത കടന്നു കൂടിയാല്‍ കലയും ദുഷിക്കുമെന്നതിന്റെ തെളിവാണ് സമകാലിക സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ചെയര്‍മാന്‍ കെ.പ്രസാദ് അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാസെക്രട്ടറി ആര്‍.നാസര്‍, കെ.രാജപ്പന്‍നായര്‍, എന്‍.ആര്‍.ബാബുരാജ്, ഷേര്‍ളി ഭാര്‍ഗവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

19 ഇനങ്ങളില്‍ മൂന്നു വേദികളിലായാണ് മത്സരം. ഓരോ മത്സരത്തിലും മികവുകാട്ടിയാണ് തൊഴിലാളികളുടെ മത്സരം. മേള ഞായറാഴ്ച സമാപിക്കും. വൈകീട്ട് ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി പി.പി.ചിത്തരഞ്ജന്‍ സമ്മാനദാനം നിര്‍വഹിക്കും. കെ.പ്രസാദ് അധ്യക്ഷനാകും.