ചേര്‍ത്തല: അര്‍ത്തുങ്കല്‍ തീരത്തിന്റെ കാവലില്‍ വിരിഞ്ഞ 55 കടലാമക്കുഞ്ഞുങ്ങള്‍ സുരക്ഷിതമായി കടലിലേക്ക് നീന്തി. വനംവകുപ്പിന്റെയും ചേര്‍ത്തല തെക്ക് ഗ്രാമപ്പഞ്ചായത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ഇവയെ കടലിലേക്ക് ഒഴുക്കിയത്.

അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം ജനുവരി 10നാണ് മുട്ടയിടാന്‍ കടലാമ എത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസി പുത്തന്‍പുരയ്ക്കല്‍ സൈമണ്‍ മാര്‍സാലാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ വനംവകുപ്പ് സംരക്ഷണവേലി കെട്ടി.

15 വര്‍ഷം മുമ്പും കടലാമകള്‍ അര്‍ത്തുങ്കല്‍ തീരത്ത് മുട്ടയിട്ടിരുന്നു. വംശനാശം നേരിടുന്ന കടലാമകള്‍ കടലില്‍ മത്സ്യത്തൊഴിലാളികളുടെ മിത്രമാണ്. മുട്ട വിരിയാന്‍ 45 മുതല്‍ 60 വരെ ദിവസമാണ് വേണ്ടത്. അര്‍ത്തുങ്കലിലെ മുട്ടകള്‍ 52-ാംദിവസം വിരിഞ്ഞു.

വംശനാശഭീഷണി നേരിടുന്നതിനാല്‍ വനംവകുപ്പിന്റെ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്നതാണ് കടലാമ. കടലിലേക്ക് വിട്ടയയ്ക്കല്‍ ചടങ്ങ് ചേര്‍ത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഹെര്‍ബിന്‍ പീറ്റര്‍ അധ്യക്ഷനായി. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി െഡപ്യൂട്ടി േറഞ്ചര്‍ പി.എം.വര്‍ഗീസ് നേതൃത്വം വഹിച്ചു.