ചെങ്ങന്നൂര്‍: ഉച്ചവെയിലില്‍ തുടങ്ങി ചാറ്റല്‍മഴയ്‌ക്കൊപ്പം താളമിട്ട് പെരുമഴയില്‍ കൊട്ടിക്കലാശം. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും മൂന്നരമണിക്കൂറോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ ആവേശത്തിമിര്‍പ്പിലായിരുന്നു. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്കൊപ്പം ആടിയും പാടിയും അവര്‍ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഉത്സവമാക്കി. ആവേശം ഇടിമുഴക്കംതീര്‍ക്കുന്ന ദൃശ്യങ്ങള്‍ക്കാണ് നഗരം സാക്ഷ്യം വഹിച്ചത്.

സ്ഥാനാര്‍ഥികളാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം നയിച്ചത്. അവര്‍ക്ക് മുന്നില്‍ ജയാരവങ്ങളോടെ പ്രവര്‍ത്തകര്‍ നൃത്തമാടി. സ്ഥാനാര്‍ഥികളുടെ വലിയ ചിത്രങ്ങളില്‍ പാലഭിഷേകം, പുഷ്പാഭിഷേകം എന്നിവയെല്ലാം കണ്ടു. ചെറുസംഘങ്ങളായി മുദ്രാവാക്യം മുഴക്കി നാട്ടിന്‍പുറങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിലേക്ക് ഒഴുകുകയായിരുന്നു. പെരുമഴയിലും ആവേശം ചോരാതെയായിരുന്നു പ്രവര്‍ത്തകരുടെ വരവ്.

മൂന്നുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നണികള്‍ വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പ്രമുഖനേതാക്കളെല്ലാം ചെങ്ങന്നൂരിലെത്തി. കൊട്ടിക്കലാശത്തിന് പ്രചാരണവാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കുന്നതിനു പകരം ഓരോ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ആട്ടവും പാട്ടുമായി ആഘോഷിക്കുകയായിരുന്നു. ഓരോ മുന്നണിക്കും കൊട്ടിക്കലാശത്തിനുള്ള സ്ഥലം പോലീസ് ഇടപെട്ട് നേരത്തെ നിശ്ചയിച്ചിരുന്നു.

എല്‍.ഡി.എഫിന് എന്‍ജിനീയറിങ് കോളേജ് ജങ്ഷനിലാണ് സ്ഥലം കിട്ടിയത്. യു.ഡി.എഫിന് ബഥേല്‍ കവലയിലും. എന്‍.ഡി.എ.യ്ക്ക് കെ.എസ്.ആര്‍.ടി.സി.ക്ക് സമീപവും. നിശ്ചിത സ്ഥലങ്ങളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ രണ്ടരയോടെ മുദ്രാവാക്യം വിളിച്ചുതുടങ്ങി. പ്രചാരണത്തിനുണ്ടായിരുന്ന വലിയ വാഹനങ്ങളെല്ലാം റോഡരികില്‍ നിരത്തി. അതിനുമീതെ വലിയ കൊടികള്‍ വീശി പ്രവര്‍ത്തകര്‍ നിരന്നു.
 
udf
യു ഡി എഫ് പ്രവര്‍ത്തകര്‍ ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനില്‍ നടത്തിയ കൊട്ടിക്കലാശം

സജി ചെറിയാനൊപ്പം സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉപതിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ എം.വി.ഗോവിന്ദനും, നടന്‍ അനൂപ് ചന്ദ്രനും ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി., മുന്‍ എം.എല്‍.എ. പി.സി.വിഷ്ണുനാഥ് എന്നിവര്‍ക്കും പ്രമുഖ നേതാക്കള്‍ക്കുമൊപ്പമാണ് ഡി.വിജയകുമാര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്.

മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. എന്‍.ഡി.എ.യുടെ കൊട്ടിക്കലാശജാഥ നയിച്ചു. ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് കെ.സോമന്‍, മുന്‍ എം.എല്‍.എ. രാജന്‍ബാബു എന്നിവരും സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ളയ്‌ക്കൊപ്പം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.

bjp
ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സിക്കു സമീപം എന്‍ ഡി എ നടത്തിയ കൊട്ടിക്കലാശത്തില്‍ നൃത്തം ചവിട്ടുന്ന വനിതാപ്രവര്‍ത്തകര്‍


നഗരത്തില്‍ മൂന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ആദ്യം വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് അതിന് കഴിയാതെ വന്നു. എം.സി. റോഡില്‍ കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടന്നത്.

നാട്ടിന്‍പുറങ്ങളിലെ കൊട്ടിക്കലാശത്തിന് ബൈക്ക് റാലികളും പ്രചാരണവാഹനങ്ങളുടെ പാച്ചിലും കാണാമായിരുന്നു.