ചെങ്ങന്നൂര്‍: പശുവിനെ കെട്ടിയത് ചോദ്യംചെയ്ത വൈരത്തില്‍ വീടുകയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ റിമാന്‍ഡില്‍.
 
പാണ്ടനാട് പടിഞ്ഞാറ് വെഞ്ചാല്‍ ചന്ദ്രാലയത്തില്‍ രാമചന്ദ്രന്‍ (49) സഹോദരന്‍ വെഞ്ചാല്‍ അഖില്‍ ഭവനത്തില്‍ സോമന്‍ (45) എന്നിവരാണ് റിമാന്‍ഡിലായത്.
 
സഞ്ജു വിലാസത്തില്‍ ജനാര്‍ദന(58) നാണ് പരിക്കേറ്റത്. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ സപ്തംബര്‍ എട്ടിനായിരുന്നു കേസിനാസ്​പദമായ സംഭവമെന്ന് പോലീസ് പറഞ്ഞു. സമീപത്തെ പറമ്പില്‍ കെട്ടിയ രാമചന്ദ്രന്റെ പശു, ജനാര്‍ദനന്റെ വീടുപണിക്കിറക്കിയ മണല്‍ക്കൂന ഇടിച്ചുനിരത്തി.
 
ഇത് ചോദ്യംചെയ്തതിന്റെ വൈരത്തില്‍ രാമചന്ദ്രന്‍ സഹോദരന്‍ സോമനൊപ്പം ജനാര്‍ദനനെ വീട്ടില്‍ കയറി വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ ഇയാളുടെ ചെവി മുറിഞ്ഞുതൂങ്ങുകയും കണ്ണിന് സമീപം ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിരുന്നു.
 
സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ രഹസ്യവിവരത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തില്‍ വീടിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
 
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.