ചെങ്ങന്നൂര്‍: നിറഞ്ഞ ചിരിയോടെ നാട്ടുകാരെ പേരെടുത്ത് വിളിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ വോട്ടുതേടല്‍. ഒന്‍പതുവര്‍ഷമായി മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ മിക്കവാറും എല്ലാവരെയും പരിചയമുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ എം.പി.ഓഫീസ് പ്രവര്‍ത്തിക്കുന്ന ടെമ്പിള്‍ റോഡ് ഭാഗത്തായിരുന്നു വോട്ടുപിടിത്തം.

വീടുകള്‍ കയറിയിറങ്ങി വിജയകുമാറിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥന. ഓഫീസിന് സമീപത്തുള്ള സോജിയുടെ ഡ്രൈവിങ് സ്‌കൂളില്‍ കയറി വീട്ടുകാരോടും ഡ്രൈവിങ്ങിന് വന്നവരോടും വിശേഷങ്ങള്‍ തിരക്കിയിട്ട് പറഞ്ഞു. 'വിജയന്‍ ചേട്ടനെ അറിയാമല്ലോ നിങ്ങള്‍ക്കെല്ലാം. വര്‍ഷങ്ങളായി നമ്മളോടൊപ്പമുണ്ട്, നിങ്ങളിലൊരാളായി. പാവത്തിനെ വോട്ടുചെയ്ത് ജയിപ്പിച്ചേക്കണേ.'

അവിടെ നിന്നിറങ്ങി അടുത്ത വീട്ടിലേക്ക് പോകുംമുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രഞ്ജിത്ത് എന്ന ചെറുപ്പക്കാരനെ കണ്ടു. കൊടിക്കുന്നിലിനെ കണ്ട് ബൈക്ക് നിര്‍ത്തി അഭിവാദ്യംചെയ്ത രഞ്ജിത്തിന്റെ തൊളില്‍ കൈയിട്ട് ചോദിച്ചു. 'എങ്ങനെ പോകുന്നു തിരുവന്‍വണ്ടൂരില്‍ പ്രവര്‍ത്തനങ്ങള്‍? എല്ലാം ഉഷാറല്ലേ. നമുക്ക് പഞ്ചായത്തില്‍ ഒന്നാംസ്ഥാനത്തെത്തണം. കുടുംബയോഗങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടല്ലോ. ഗൃഹസമ്പര്‍ക്കവും തടസ്സമില്ലാതെ നടക്കണം.'- തോളില്‍ സ്‌നേഹത്തോടെ തട്ടി കൊടിക്കുന്നില്‍ പറഞ്ഞു.

നേതാവിന്റെ സ്‌നേഹപൂര്‍ണമായ ചോദ്യവും നിര്‍ദ്ദേശവും കേട്ടപ്പോള്‍ പുതിയ ഊര്‍ജം കൈവന്നപോലെ രഞ്ജിത്തിന്റെ മുഖം തിളങ്ങി.

അവിടെ കുറച്ച് വീടുകള്‍ കയറിയപ്പോഴേക്കും ചാനല്‍സംഘമെത്തി വളഞ്ഞു. തിരഞ്ഞെടുപ്പിനെപ്പറ്റി എന്താണ് പ്രതീക്ഷയെന്ന് അവര്‍ക്ക് അറിയണം. ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ കൊടിക്കുന്നില്‍ വാചാലനായി. 'ഇന്ന് എല്‍.ഡി.എഫിനെതിരേ ശക്തമായ ജനവികാരം നാടുമുഴുവന്‍ കാണാം. വര്‍ഗീയവിഷം വമിച്ച് തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്നാണ് എല്‍.ഡി.എഫ്. കണക്കുകൂട്ടുന്നത്. അതിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥിയുടെ പേരില്‍ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുന്നത്.

വിജയകുമാറിനെ ചെങ്ങന്നൂര്‍ക്കാര്‍ക്ക് അറിയാവുന്നതാണ്. എന്തൊക്കെ അപവാദം പ്രചരിപ്പിച്ചാലും ജനം അത് പുച്ഛിച്ചുതള്ളും. കെ.കെ.രാമചന്ദ്രന്‍നായരോട് ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന താത്പര്യം ഇന്ന് വിജയകുമാറിനോടാണ്. കെ.കെ.ആറിന്റെ യഥാര്‍ഥ പിന്‍ഗാമിയെന്ന് ജനം കാണുന്നത് അദ്ദേഹത്തെത്തന്നെ.

കെ.കെ.ആറിനോടുള്ള സഹതാപം സജി ചെറിയാന് വോട്ടാവില്ല. അങ്ങനെ വരണമെങ്കില്‍ കെ.കെ.ആറിന്റെ ഭാര്യയെയോ മകനെയോ മത്സരിപ്പിക്കണമായിരുന്നു. അത് ചെയ്യാതെ പാര്‍ട്ടി സെക്രട്ടറിതന്നെ മത്സരത്തിനിറങ്ങി.'

ബി.ജെ.പിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന ചോദ്യം വന്നപ്പോള്‍ മറുപടിയില്‍ നിറഞ്ഞത് കര്‍ണാടക തിരഞ്ഞെടുപ്പ്. കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ ജനം കണ്ടതാണ്. അവര്‍ ഒരിക്കലും ബി.ജെ.പി.ക്ക് വോട്ടുചെയ്യില്ല. കഴിഞ്ഞതവണ മോദിതരംഗം കൊണ്ടാണ് ശ്രീധരന്‍പിള്ള വോട്ടുപിടിച്ചത്. ഇപ്പോള്‍ മോദിയെന്ന് കേട്ടാല്‍ നാട്ടുകാര്‍ ഓടും. ഇത്രയേറെ ദുരിതംതീറ്റിച്ച ഭരണം വേറെ ഉണ്ടായിട്ടില്ല.

ഇക്കുറി ബി.ജെ.പി. ചെങ്ങന്നൂരില്‍ നിലംതൊടില്ല.' ഇത്രയും പറഞ്ഞ് നിര്‍ത്തി. കൊടിക്കുന്നിലിന്റെ തിരക്ക് കഴിയുന്നില്ല. ഇനി കുടുംബയോഗം, സ്ഥാനാര്‍ഥി പര്യടനം. പരിപാടികള്‍ ഏറെ.