ചെങ്ങന്നൂര്‍: ആചാരപ്പെരുമയില്‍ ശിവരാത്രി ദിവസമായ ചൊവ്വാഴ്ച ചെങ്ങന്നൂര്‍ മഹാദേവന് സ്ത്രീധനവുമായി (പരിശം) ആലപ്പാട്ടരയന്മാരെത്തും. പരമേശ്വര പത്‌നിയായ പാര്‍വതീദേവി ആലപ്പാട്ടെ അരയകുടുംബത്തില്‍ പിറന്നെന്ന വിശ്വാസമാണ് ഈ ആചാരത്തിനു പിന്നില്‍. വിശ്വാസത്തിന് പിന്‍ബലമേകി കടല്‍ത്തീരത്തിനു സമീപം പാര്‍വതീദേവി ജനിച്ചതെന്ന് വിശ്വസിക്കുന്ന വീടുണ്ട്.

അരയപ്രമാണിയായിരുന്ന ത്രയംബകന്‍ മുത്തരശന്റെ (അതിയതരയന്‍) വീടാണ് ഇതെന്ന് സങ്കല്‍പ്പം. അതിയതരയന്റെ മകളായാണ് പാര്‍വതി ജനിച്ചതത്രേ. ഈ വീട് ഇന്നും പവിത്രമായി സംരക്ഷിച്ചുപോരുന്നു. ചെറിയഴീക്കല്‍, ആലപ്പാട്ട്, കുഴിത്തുറ, പറയക്കടവ്, ശ്രായിക്കാട്, അഴീക്കല്‍ തെക്ക്, വടക്ക് എന്നീ ഏഴ് അരയ കരയോഗങ്ങള്‍ക്കാണ് പരിശംവെക്കാനുള്ള അവകാശം. ഇക്കുറി ചെറിയഴീക്കല്‍ അരയവംശപരിപാലനയോഗം ചടങ്ങിന് നേതൃത്വം നല്‍കും.

ചൊവ്വാഴ്ച ആറിന് കൊല്ലം ചെറിയഴീക്കല്‍ കാശിവിശ്വനാഥ ക്ഷേത്രത്തില്‍നിന്ന് പരിശംവയ്പ് ഘോഷയാത്ര ആരംഭിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് ആറിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തും. ദേവസ്വം അധികൃതരും ഉപദേശകസമിതിയും ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന്‍ ആധ്യക്ഷ്യം വഹിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.