ചെങ്ങന്നൂര്‍ : നല്ല മഴയുള്ളപ്പോള്‍ഒഴികെ ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളാണ് വെണ്‍മണി അടക്കമുള്ള പഞ്ചായത്തുകള്‍. വേനല്‍ക്കാലമാണെങ്കില്‍ പറയുകയേ വേണ്ട. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടും. വര്‍ഷങ്ങളായി വറ്റാതിരുന്ന കിണറുകള്‍ ഇക്കുറി വറ്റിവരണ്ടു. പലരും കിണറിന് ആഴം കൂട്ടിയാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്. ചെറിയനാട്, വെണ്‍മണി, ആലാ, ബുധനൂര്‍, പുലിയൂര്‍ പഞ്ചായത്തുകളില്‍ നാട്ടുകാര്‍ ഏറെ വലഞ്ഞു. ഉത്തരപ്പള്ളിയാര്‍ ഒഴുകിയിരുന്നപ്പോള്‍ ഇവിടം ജലസമൃദ്ധമായിരുന്നു.

വെണ്‍മണി പഞ്ചായത്തിലെ ഏറ്റവുംതാഴ്ന്ന പ്രദേശമാണ് താഴത്തമ്പലം. ഈയിടെയായി ഇവിടെയും മഴയുള്ളപ്പോള്‍ മാത്രമാണ് വെള്ളം കിട്ടുക. ഉത്തരപ്പള്ളിയാര്‍ ഇല്ലാതായതാണ് ഇവിടങ്ങളിലെ ജലനിരപ്പ് താഴേക്ക് പോകാന്‍ കാരണമെന്ന് ഭൂഗര്‍ഭ ജലവകുപ്പിന്റെ കണ്ടെത്തല്‍. ആറ്് കൈയേറിയപ്പോള്‍ ജലനിര്‍ഗമന മാര്‍ഗങ്ങളും നീരൊഴുക്കും തടസ്സപ്പെട്ടു. ഇതോടൊപ്പം വന്‍തോതില്‍ മണലൂറ്റും പുഴയുടെ ചരമക്കുറിപ്പെഴുതി.

ആലാ പഞ്ചായത്തിനെ പൊതുവേ വെള്ളക്കുഴി എന്നാണ് വിളിച്ചിരുന്നത്. നല്ല വെള്ളമുണ്ടായിരുന്ന ഈ പ്രദേശവും ഇക്കുറി വേനലില്‍ വരണ്ടുണങ്ങി. കിണര്‍, റിങ്ങ് പണിക്കാര്‍ക്ക് നിന്നുതിരിയാല്‍ സമയമില്ലായിരുന്നു. അത്തവലക്കടവിലെ മിക്ക വീടുകളിലും നാലുറിങ്ങ് വരെ താഴ്ത്തിയിട്ടാണ് വെള്ളം ലഭിച്ചത്.

ആറുണ്ടായിരുന്നപ്പോള്‍ ഇരുകരകളിലും ഉള്ളവര്‍ കുളിക്കാനും അലക്കാനും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ നീരൊഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ജലം കൊതുകുകളുടെയും അട്ടകളുടെയും ആവാസകേന്ദ്രമായി മാറി. ഈ പ്രദേശങ്ങളില്‍ ചിക്കുന്‍ഗുനിയ, പകര്‍ച്ചപ്പനി അടക്കം പടര്‍ന്നു പിടിക്കുന്നതിനും ഇത് കാരണമായി.

മഞ്ഞപ്പിത്തസാധ്യത വളരെക്കൂടുതലുള്ള പ്രദേശമായാണ് ഉത്തരപ്പള്ളിയാറിന് സമീപ പ്രദേശങ്ങളെ ആരോഗ്യവകുപ്പ് അധികൃതര്‍ കാണുന്നത്. വയറിളക്കവും മറ്റ് സാംക്രമിക രോഗങ്ങളും പ്രദേശത്ത് വളരെ കൂടുതലാണെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്. ബിജു പറഞ്ഞു.