ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ മഹാശിവരാത്രിനാള്‍ രാവിലെ അഭിഷേകം ചെയ്യാനുള്ള നേര്‍ച്ചക്കാവടികള്‍ തിങ്കളാഴ്ച ഭിക്ഷാടനത്തിനായി ഭവനങ്ങളിലെത്തും. കരകളില്‍ കാവടി ഒരുക്കുന്നതിന്റെ തിരക്കാണിപ്പോള്‍. 16 കരകളില്‍നിന്നുമുള്ള കാവടികള്‍ അതത് പ്രദേശങ്ങളിലാണ് ഭിക്ഷാടനം നടത്തുന്നത്. ചെണ്ടമേളത്തിന്റെ അകമ്പടിയിലാണ് കാവടികള്‍ എത്തുന്നത്.

നേര്‍ച്ചക്കാവടി എടുക്കാന്‍ ഓരോ കരയിലും നൂറുകണക്കിന് ഭക്തജനങ്ങളാണ് വ്രതാനുഷ്ഠാനത്തില്‍ കഴിഞ്ഞുവരുന്നത്. ശിവരാത്രി ദിവസം രാവിലെ ആറുമുതല്‍ കാവടി ഘോഷയാത്ര പടനിലം ക്ഷേത്രത്തില്‍ എത്തിത്തുടങ്ങും.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സംഘങ്ങളായാണ് കാവടികള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. കുടശ്ശനാട് പുലിക്കുന്ന് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, നടുവിലേമുറി ഈരേഴത്തുകാവ് ദേവീക്ഷേത്രം, നെടുകുളഞ്ഞിമുറി കുളങ്ങരവീട്ടില്‍ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രം, ഇടപ്പോണ്‍ പ്ലാക്കോട് മഹാവൈഷ്ണവ ദുര്‍ഗാക്ഷേത്രം, പാലമേല്‍ നൂറുകോടി ദേവീക്ഷേത്രം, മുതുകാട്ടുകര ഭഗവതിക്ഷേത്രം, ഉളവുക്കാട് കാരിമുക്കം ഭഗവതിക്ഷേത്രം, എരുമക്കുഴി കുന്നില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പുലിമേല്‍ കുമ്പിളുമല മലനടക്ഷേത്രം, പാറ്റൂര്‍ ആല്‍ത്തറമൂട് ക്ഷേത്രം, ഇടക്കുന്നം അമ്പലത്തിനാല്‍ ദേവീക്ഷേത്രം, പഴഞ്ഞിക്കോണം പള്ളിമുക്കം ദേവീക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാണ് ശിവരാത്രിനാള്‍ കാവടികള്‍ എത്തുന്നത്.