ചാരുംമൂട്: മാവേലിയുമായി മോട്ടോര്‍ വാഹന വകുപ്പ് ചാരുംമൂട്ടില്‍ നടത്തിയ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. ഓണോത്സവത്തിന് വാഹനയാത്രക്കാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചായിരുന്നു റോഡ് സുരക്ഷാ ബോധവത്കരണം.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശിക്കുന്ന ലഘുലേഖകളും ഒപ്പം മിഠായികളും യാത്രക്കാര്‍ക്ക് നല്‍കി.വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് മാവേലിയുമായി ബോധവത്കരണം നടത്തിയത്.

ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ മാവേലിക്കര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രധാന ജങ്ഷനുകളിലും മാവേലിയോടൊപ്പമുള്ള ട്രാഫിക്‌ബോധവത്കരണ പരിപാടി നടന്നു. ഓണത്തിന്റെ സ്മൃതിയിലൂടെയുള്ള റോഡ് സുരക്ഷാ ബോധവത്കണം ഏറെ പ്രയോജനകരമായെന്ന് മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ. കെ.രമണന്‍ പറഞ്ഞു.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡാനിയല്‍ സ്റ്റീഫന്‍, സിയാദ്, അസി. ഇന്‍സ്‌പെക്ടര്‍മാരായ അജയന്‍, ജിനേഷ്, അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.