ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടനപ്പാതകള്‍ നന്നാക്കാന്‍ 170 കോടി രൂപയ്ക്ക് മുപ്പതിനകം ഭരണാനുമതി നല്‍കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ശബരിമല ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് 25 ലക്ഷം രൂപ അനുവദിക്കും.
 

പ്രധാന ഇടത്താവളമായ ഇവിടത്തെ ജനറല്‍ ആസ്​പത്രിയില്‍ നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കും. 10 കോടി രൂപ ചെലവില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടംപണി പുനരാരംഭിക്കുന്നതിന് റീ ടെന്‍ഡര്‍ നല്‍കും. നാലുമാസംകൊണ്ട് ഇതിന്റെ പണി പൂര്‍ത്തീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ജലഅതോറിറ്റിക്ക് 10 ലക്ഷം രൂപ ചെലവില്‍ മോട്ടോര്‍ വാങ്ങുന്നതിന് വകുപ്പുമന്ത്രിയില്‍നിന്ന് അനുമതി തേടും. സേഫ് കേരള പദ്ധതിയില്‍ കടകളില്‍ ശുചിത്വ പരിശോധന നടത്തും. പാചകപ്പുരകളില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും- മന്ത്രി പറഞ്ഞു. പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷനായി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ശബരിമലയുടെ കവാടം എന്ന നിലയ്ക്കുള്ള വെബ് സൈറ്റ് പുനരാരംഭിക്കുമെന്നും അത് അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. റെയില്‍വേ അഡീഷണല്‍ ടിക്കറ്റ് കൗണ്ടറുകളും സ്‌പെഷല്‍ ട്രെയിനുകളും തുടങ്ങും. തീര്‍ത്ഥാടനകാലത്തിനു മുന്‍പ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികളും നടത്തും. 25 ശുചീകരണത്തൊഴിലാളികളെയും 10 വളന്റിയര്‍മാരെയും ഒരു ഡ്രൈവറെയും തീര്‍ത്ഥാടനകാലത്ത് അധികം നിയമിക്കാന്‍ നഗരസഭ സര്‍ക്കാറിനോട് അനുമതി തേടിയിട്ടുണ്ട്. വിലനിലവാരം നിയന്ത്രിക്കാനും സ്വകാര്യ വാഹനനിരക്ക് നിശ്ചയിക്കാനും ആര്‍.ഡി.ഒ. യോഗം വിളിക്കും. തീര്‍ത്ഥാടനം പ്രമാണിച്ച് നൂറ്റന്‍പതോളം പോലീസുകാരെ നിയോഗിക്കും. 50 സ്‌പെഷല്‍ പോലീസിനെയും ഇതിനു പുറമെ എടുക്കും. എയ്ഡ്‌പോസ്റ്റുകള്‍ ക്രമീകരിക്കും. പമ്പാനദിയിലെ മിത്രപ്പുഴ കടവില്‍ ഫയര്‍ഫോഴ്‌സിനെ നിയോഗിക്കും. പാറക്കടവിലും സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

ജല അതോറിറ്റി 24 പുതിയ ടാപ്പുകളിടും. കേടായ ടാപ്പുകള്‍ നന്നാക്കും. കെ.എസ്.ഇ.ബി. തീര്‍ത്ഥാടനപാതയില്‍ 50 ഡബിള്‍ ട്യൂബ് സെറ്റുകളിടും. ഇത് 100 ട്യൂബ് സെറ്റാക്കാന്‍ എം.എല്‍.എ. നിര്‍ദേശം നല്‍കി.
 
 
ആരോഗ്യവകുപ്പ് മരുന്നുകള്‍ ലഭ്യമാക്കും. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തും. തീര്‍ത്ഥാടകത്തിരക്ക് അനുസരിച്ച് കെ.എസ്.ആര്‍.ടി.സി. വേണ്ടത്ര പമ്പ സര്‍വീസുകള്‍ നടത്തും. നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ്, ദേവസ്വം കമ്മീഷണര്‍ സി.പി. പ്രസാദ്, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി.മുരളീകൃഷ്ണന്‍, ജില്ലാ പോലീസ് ചീഫ് വി.സുരേഷ്‌കുമാര്‍, അഡ്വ. ഡി. വിജയകുമാര്‍, ഡി.എം.ഒ. ഡോ. ഡി.വസന്ത് ദാസ്, ആര്‍.ഡി.ഒ. ജി.രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു. ബി.ജെ.പി. പ്രവര്‍ത്തകര്‍ യോഗം ബഹിഷ്‌കരിച്ചു. യോഗത്തെക്കുറിച്ച് അറിയിക്കാത്തതില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ബഹിഷ്‌കരണം.