പട്ടയം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച്
 
 
ആലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എം.പി.യുടെയും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ സര്‍ക്കാറിനെതിരെ സമരം. കളക്ടറേറ്റിനു മുന്നില്‍ കുത്തിയിരുന്നാണ് ഇരുവരും സമരത്തിന് ശക്തിയേകിയത്.

കേരള പ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയാണ് പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. കെ.സി. വേണുഗോപാല്‍ എം.പി. ഉദ്ഘാടനം ചെയ്തു. പട്ടയപ്രശ്‌നം വൈകിയാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് എം.പി. മുന്നറിയിപ്പ് നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്നോ നാലോ സെന്റ് സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് നിലവിലെ നിയമങ്ങള്‍ തടസ്സമാകില്ല. വന്‍കിട കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്ന ഇക്കാലത്ത് മത്സ്യത്തൊഴിലാളികളെ അവഗണിക്കുന്നത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യായമായ ജനകീയപ്രക്ഷോഭം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്ന് അധ്യക്ഷപ്രസംഗത്തില്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. പറഞ്ഞു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റ് കവാടത്തിന് മുന്നിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍, അഡ്വ. എം.ലിജു, എ.കെ. ബേബി, പി. നാരായണന്‍ കുട്ടി, എസ്. സുബാഹു, കെ.എ. ലത്തീഫ്, എം.വി. സംഭവന്‍, തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, ബാബു ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.