അമ്പലപ്പുഴ: പെന്‍ഷന്റെ കാര്യത്തില്‍ ഇത്തവണ കയര്‍കേരളയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കയര്‍ സംഘങ്ങളിലെ വിരമിച്ച ജീവനക്കാര്‍.

കയര്‍മന്ത്രി തോമസ് ഐസക് ഇക്കാര്യത്തില്‍ തീരുമാനം പറയുമെന്ന് നൂറുകണക്കിന് വരുന്ന മുന്‍ ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തെ അറുന്നൂറോളം വരുന്ന കയര്‍ സംഘങ്ങളില്‍ ഭൂരിപക്ഷവും ആലപ്പുഴ ജില്ലയിലാണ്. തൊഴിലാളികള്‍ക്ക് പെന്‍ഷനുണ്ടെങ്കിലും സംഘങ്ങളില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനില്ല. പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് 2014ലെ കയര്‍മേളയില്‍ അന്നത്തെ മന്ത്രി അടൂര്‍പ്രകാശ് പ്രഖ്യാപിച്ചിരുന്നതാണ്. എന്നാലിത് യാഥാര്‍ഥ്യമായില്ല.

കയര്‍ വ്യവസായസംഘങ്ങളില്‍നിന്ന് വിരമിച്ച സെക്രട്ടറിമാര്‍, മാനേജര്‍മാര്‍, പ്യൂണ്‍മാര്‍ എന്നിവരാണ് പെന്‍ഷനുവേണ്ടി കാത്തിരിക്കുന്നത്. മറ്റുവരുമാനമില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലും ഇവര്‍ പ്രയാസപ്പെടുകയാണ്.