അമ്പലപ്പുഴ: ബൈക്കപകടത്തില്‍ വലതുകാലും വലതുകൈയും നഷ്ടപ്പെട്ട ശ്യാംലാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കൊതിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഇദ്ദേഹത്തിന് മൂന്ന് ശസ്ത്രക്രിയകള്‍ ഇതിനകം നടത്തി. കൃത്രിമക്കാല്‍ വച്ച് ജീവിതത്തിലേക്ക് നടന്നുതുടങ്ങണമെങ്കില്‍ ഇനി ലക്ഷങ്ങള്‍ വേണം. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബം ഇതിന് വഴിയില്ലാതെ വിഷമിക്കുകയാണ്.

അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നീര്‍ക്കുന്നം കാട്ടൂക്കാരന്‍പറമ്പില്‍ വസുന്ധരന്റെ മകനാണ് 25 വയസ്സുള്ള ശ്യാംലാല്‍. കഴിഞ്ഞ ഓഗസ്റ്റ് 25ന് രാത്രി 11ന് ദേശീയപാതയില്‍ തോട്ടപ്പള്ളി പാലത്തിന് സമീപമായിരുന്നു അപകടം.

ശ്യാംലാലും ബന്ധുവായ മനുവും (20) സഞ്ചരിച്ച ബൈക്കില്‍ മീന്‍കയറ്റി വന്ന മിനിലോറി ഇടിക്കുകയായിരുന്നു. മനു അപകടസ്ഥലത്ത് മരിച്ചു. അപകടത്തില്‍ ശ്യാംലാലിന്റെ വലതുകൈ തോളിന് താഴെ അറ്റുപോയി. വലതുകാലിനും തലയ്ക്കും ശരീരഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശ്യാംലാലിനെ അന്നുതന്നെ വിദഗ്ധചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വലതുകാല്‍ മുട്ടിന് താഴെ മുറിച്ചുനീക്കേണ്ടിവന്നു. ഇതിനകം ആറുലക്ഷം രൂപയിലധികം ആശുപത്രിച്ചെലവായി. ഇനിയും ചികിത്സ ബാക്കിയുണ്ട്. 23 ലക്ഷത്തോളം രൂപ തുടര്‍ച്ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മത്സ്യത്തൊഴിലാളിയാണ് വസുന്ധരന്‍. ഹരിപ്പാട് മത്സ്യച്ചന്തയില്‍ ജോലിചെയ്താണ് ശ്യാംലാല്‍ കുടുംബത്തിന് താങ്ങായിരുന്നത്.

കുടുംബവകയായ സ്ഥലത്ത് ഷീറ്റിട്ട ചെറിയൊരു വീട്ടിലാണ് ഇവരുടെ താമസം. നാട്ടുകാരുടെയും മറ്റും സഹായത്താലും കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. സുമനസ്സുകള്‍ സഹായിക്കാതെ ഇനി കുടുംബത്തിന് ചികിത്സ മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ല. വസുന്ധരന്റെ പേരില്‍ ഇന്ത്യന്‍ ബാങ്കിന്റെ അമ്പലപ്പുഴ ശാഖയില്‍ 6484598287 നമ്പര്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. ഐ.എഫ്.എസ്.സി. ഐ.ഡി.ഐ.ബി. 000എ177. ഫോണ്‍: 9745939651.