അമ്പലപ്പുഴ: കാത്തുകാത്തിരുന്ന ചാകര വന്നപ്പോള്‍ പരമ്പരാഗത തൊഴിലാളിക്ക് നിരാശ. ഓരോദിവസം ചെല്ലുന്തോറും മീന്‍ വില കുത്തനെ ഇടിയുകയാണ്. ഉപഭോക്താക്കള്‍ക്കാകട്ടെ കുറഞ്ഞവിലയില്‍ മായം കലരാത്ത മീന്‍ കിട്ടാന്‍ അവസരവുമായി.

കടപ്പുറത്തുനിന്ന് വാങ്ങുന്ന മീന്‍ അഞ്ചിരട്ടിയിലേറെ വിലയ്ക്ക് വിപണിയിലെത്തിക്കുന്ന ഇടനിലക്കാരും രംഗത്തുണ്ട്. പറവൂര്‍ ഗലീലിയ കടപ്പുറത്ത് ചാകരയുടെ മൂന്നാംദിനം വറ്റപ്പാരയും ചൂടനും മത്തിയും അയലയുമാണ് വള്ളക്കാര്‍ക്ക് ലഭിച്ചത്. ഇതില്‍ അയലയ്ക്ക് മാത്രമാണ് ഭേദപ്പെട്ട വിലലഭിച്ചത്. കുട്ടയ്ക്ക് 3500 രൂപ.

അപൂര്‍വം വള്ളങ്ങള്‍ക്ക് മാത്രമാണ് അയല ലഭിച്ചത്. വറ്റപ്പാരയ്ക്ക് കുട്ടയ്ക്ക് നൂറ്് രൂപയായി താഴ്ന്നു വ്യാഴാഴ്ച അഞ്ഞൂറിനും അറുന്നൂറിനുമിടെയില്‍ വില ലഭിച്ചിരുന്നതാണ്. ചൂടന്റെ വില അറുന്നൂറില്‍നിന്ന് മുന്നൂറായി താഴ്ന്നു. മത്തിക്കാകട്ടെ വ്യാഴാഴ്ച 3500 രൂപ കിട്ടിയപ്പോള്‍ വെള്ളിയാഴ്ച അത് രണ്ടായിരമായി.

തൊഴിലാളികള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചെമ്മീന്‍ ആര്‍ക്കും കിട്ടിയില്ല. ട്രോളിങ് നിരോധനം നിലവില്‍വന്ന ജൂണ്‍ 14 മുതല്‍ അന്യസംസ്ഥാനലോബിയുടെ പിടിയിലായിരുന്ന മീന്‍ വിപണിക്ക് ആശ്വാസമായാണ് ചാകരവന്നത്.

അതേസമയം മീന്‍ വില കുത്തനെ ഇടിയുന്നതിന് പിന്നിലും ഇത്തരം ലോബികളുടെ സ്വാധീനമുള്ളതായി ആക്ഷേപമുണ്ട്. ചാകരക്കടപ്പുറത്ത് തൊഴിലാളികള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ യാതൊരു സര്‍ക്കാര്‍ സംവിധാനവും ഇല്ല. ചാകര ഉറച്ചതോടെ ദേശീയപാതയോരത്ത് വഴിയോര മീന്‍വിപണി ഉണര്‍ന്നുകഴിഞ്ഞു. മീന്‍വാങ്ങാന്‍ നിരവധി ആവശ്യക്കാരും എത്തുന്നുണ്ട്.

മറ്റുപ്രദേശങ്ങളിലേക്ക് പോകുമ്പോഴാണ് ഇടനിലക്കാര്‍ മീനിന് കനത്തവില ഈടാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങാന്‍ പുലര്‍ച്ചെ മുതല്‍ ചാകര കടപ്പുറത്ത് ആളുകളുടെ തിരക്കാണ്. ദൂരസ്ഥലങ്ങളില്‍നിന്നുപോലും ആവശ്യക്കാര്‍ കടപ്പുറത്ത് എത്തുന്നുണ്ട്.