അമ്പലപ്പുഴ: മീന്‍കയറ്റാനെത്തിയ കവചിത ലോറിയില്‍ ദേശീയപതാകയുടെ ചിത്രത്തില്‍ താമരയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി.ദേശിയാധ്യക്ഷന്‍ അമിത്ഷായും. ലോറിയുടെ രണ്ടുനമ്പര്‍ പ്ലേറ്റുകളില്‍ വ്യത്യസ്ഥ നമ്പരുകളും. ലോറി ഡ്രൈവര്‍ തമിഴ്‌നാട് തൃശിനാപ്പള്ളി പൊന്‍വെളിപ്പെട്ടി മലയടിവാരം അന്തോനിയില്‍ കോവില്‍ സ്ട്രീറ്റില്‍ ബാലഗംഗാധരനെ(38) അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

ദേശീയചിഹ്നങ്ങളെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാളുടെ പേരില്‍ കേസെടുത്തതായി അമ്പലപ്പുഴ സി.ഐ. ബിജു വി.നായര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന് മീന്‍ കയറ്റാനെത്തിയതാണ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി. ലോറിയിലെ ചിത്രങ്ങളും നമ്പര്‍ പ്ലേറ്റും കണ്ട് സംശയം തോന്നിയവരാണ് പോലീസിനെ അറിയിച്ചത്. പോലീസെത്തി ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ലോറിയുടെ വശത്താണ് അശോകചക്രത്തോട് കൂടിയ ദേശീയപതാക വരച്ചിട്ടുള്ളത്.
 
പതാകയുടെ ഇരുവശത്തുമായാണ് മോദിയുടെയും അമിത്ഷായുടെയും ചിത്രങ്ങള്‍. ഭാരതീയ ജനതാപാര്‍ട്ടി ദി പാര്‍ട്ടി വിത്ത് എ ഡിഫറന്‍സ് എന്ന് ഇംഗ്ലീഷില്‍ പതാകയില്‍ എഴുതിയിട്ടുണ്ട്. കൂടാതെ ബി.ജെ.പി.യുടെ താമര ചിഹ്നവുമുണ്ട്. ലോറിയുടെ മുന്നിലെ ചില്ലിലും മോദിയുടെയും അമിത്ഷായുടെയും ചിത്രമുണ്ട്. ഇതിനൊപ്പം താമരയുടെയും ജയ്ഹിന്ദ് സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്.
 
ടി.എന്‍45 ബി.ജെ.2895, ടി.എന്‍.45 ബി.ജെ.2815 എന്നീ വ്യത്യസ്ഥ നമ്പരുകളാണ് നമ്പര്‍ പ്ലേറ്റുകളിലുള്ളത്. ശ്രീകാന്ത് മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നാണ് ശീതികരിച്ച കാബിന് മുകളിലെ ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്. കാവേരി അമ്മാള്‍, ഓം ശ്രീ സായി ഭഗവാന്‍ എന്ന് വശങ്ങളില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ലോറിയുടെ പിന്നില്‍ കാവുവിള വീട് എന്ന് മലയാളത്തില്‍ എഴുതിയിട്ടുമുണ്ട്.

ബാലഗംഗാധരന്‍ തന്നെയാണ് ലോറിയുടെ ഉടമയെന്ന് പോലീസ് പറഞ്ഞു. ടി.എന്‍.45 ബി.ജെ.2895 എന്നതാണ് ശരിയായ രജിസ്‌ട്രേഷന്‍ നമ്പര്‍. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.